പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിടിമുറുക്കി സിപിഐ, വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം; ‘പാർട്ടിയിൽ നേതൃമാറ്റവുമില്ല, തിരുത്തി മുന്നേറും’

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് ലഭിക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഇക്കാര്യത്തിൽ സിപിഎം ഉന്നയിക്കുന്ന സാങ്കേതിക കാരണങ്ങൾ പരിഗണിക്കാൻ കഴിയില്ലെന്നും നിലപാടുകളിൽ മാറ്റം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ നടന്ന സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപൂജ വലിയ തിരിച്ചടിയാണെന്നും അത് പാർട്ടി ചരിത്രത്തിൽ നിന്ന് പഠിച്ച വലിയ പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് തോൽവി ജനങ്ങൾ നൽകിയ ശക്തമായ മുന്നറിയിപ്പാണെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ആശാ വർക്കർമാരുടെ സമരത്തെയും തൊഴിലാളികളെയും അധിക്ഷേപിക്കുന്നത് കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു. തൊഴിലാളി വിരുദ്ധ നിലപാടുകൾ വലിയ തെറ്റാണെന്നും ഇത്തരം പിഴവുകൾ തിരുത്തി വേണം ഇടതുമുന്നണി ഇനി ജനങ്ങളെ സമീപിക്കാൻ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നുള്ള തന്റെ മാറ്റത്തെക്കുറിച്ച് ഫേസ്ബുക്കിൽ ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തീരുമാനങ്ങൾ എടുക്കുന്ന രീതി അതല്ല. താൻ മാറണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിട്ടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എൽഡിഎഫിനുള്ളിലെ തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാനുള്ള നീക്കങ്ങൾക്കിടയിലാണ് സിപിഐയുടെ ഈ ശക്തമായ നിലപാട് പുറത്തുവരുന്നത്.

No Compromise on Deputy Opposition Leader Post, Says Binoy Viswam

Also Read

More Stories from this section

family-dental
witywide