
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ വെച്ച് വാണിജ്യ ചരക്കുകപ്പലിന് നേരെ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ഇറാനിലെ മിസൈൽ, ഡ്രോൺ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയതിന് പ്രത്യാക്രമണവുമായി ഇറാൻ. യുഎസ് ആക്രമണത്തിന് പിന്നാലെ മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ശക്തമായ പ്രത്യാക്രമണം നടത്തിയതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായി. സ്വിറ്റ്‌സർലൻഡിൽ ഇരുരാജ്യങ്ങളും തമ്മിൽ താൽക്കാലിക വെടിനിർത്തൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് ശേഷം ഇതാദ്യമായാണ് ഇറാനെതിരെ യുഎസ് നേരിട്ട് സൈനിക നടപടി സ്വീകരിക്കുന്നത്.
ജൂൺ 25-ന് ഹോർമുസ് കടലിടുക്കിലൂടെ നീങ്ങുകയായിരുന്ന സിംഗപ്പൂർ പതാക ഘടിപ്പിച്ച ‘എം/വി എവർ ലവ്ലി’ എന്ന ചരക്കുകപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതാണ് നിലവിലെ സംഘർഷങ്ങൾക്ക് കാരണം. ഒമാൻ തീരത്തുവെച്ചുണ്ടായ ഈ ആക്രമണം വെടിനിർത്തൽ കരാറിൻ്റെ നഗ്നമായ ലംഘനമാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് കുറ്റപ്പെടുത്തി. ഇതിന് മറുപടിയായാണ് ഇറാനിലെ മിസൈൽ-ഡ്രോൺ സംഭരണശാലകളും തീരദേശ റഡാർ കേന്ദ്രങ്ങളും യുഎസ് യുദ്ധവിമാനങ്ങൾ തകർത്തത്.
തങ്ങൾക്കെതിരെയുണ്ടായ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് തിരിച്ചടിച്ചത്. ആക്രമണങ്ങളെക്കുറിച്ച് വാഷിംഗ്ടണിന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായി ഐആർജിസി വ്യക്തമാക്കി. ആക്രമണത്തിൽ തകർന്ന യുഎസ് സൈനിക കേന്ദ്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അതേസമയം, “അക്രമത്തിന് അക്രമം കൊണ്ട് തന്നെ മറുപടി നൽകും” എന്ന് യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് ശക്തമായ മുന്നറിയിപ്പ് നൽകി. ഇറാൻ കരാർ ലംഘിച്ചതായും അന്താരാഷ്ട്ര സമുദ്ര വ്യാപാര പാതയിലെ സുരക്ഷ ഉറപ്പാക്കാൻ യുഎസ് സൈന്യം ജാഗ്രതയോടെ നിലകൊള്ളുമെന്നും യുഎസ് വക്താക്കൾ അറിയിച്ചു. ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധിക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
US-Iran tensions flare again: US airstrikes counterattack, Iran targets US military bases, fears of oil price hike















