സോനം വാങ്‌ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ലഡാക്ക് സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക്കിനെ സർക്കാർ നിയന്ത്രണത്തിലുള്ള സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് അദ്ദേഹം തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രിയായ മേദാന്തയിലേക്ക് മാറ്റാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനാണ് ഈ ഉത്തരവെന്ന് കോടതി വ്യക്തമാക്കി. വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ സമർപ്പിച്ച ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സഫ്ദർജംഗ് ആശുപത്രിയിലെ മുഴുവൻ മെഡിക്കൽ രേഖകളും പരിശോധനാ ഫലങ്ങളും മേദാന്ത ആശുപത്രിക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു. വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയ ശേഷം അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം രൂപീകരിക്കാനും മേദാന്ത ആശുപത്രി ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടു. സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുന്നതിൽ കേന്ദ്ര സർക്കാരിന് എതിർപ്പില്ലെന്ന് കോടതിയെ അറിയിച്ചു. ഇതോടെയാണ് അദ്ദേഹത്തെ ഉടൻ ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്.

ഭരണഘടനയുടെ 19-ാം അനുച്ഛേദവും ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന 21-ാം അനുച്ഛേദവും വാങ്ചുക്കിന് ലഭിക്കേണ്ട മൗലികാവകാശങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. ഈ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് പുതിയ ഉത്തരവെന്നും ബെഞ്ച് വ്യക്തമാക്കി. ജന്തർ മന്തറിലെ പ്രതിഷേധസ്ഥലത്ത് നിന്ന് കഴിഞ്ഞ ശനിയാഴ്ച യാതൊരു മെഡിക്കൽ അടിയന്തര സാഹചര്യവുമില്ലാതെ വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ഭാര്യ ഗീതാഞ്ജലി ആങ്മോയുടെ വാദം. നേരത്തെ ആരോഗ്യനില നിരീക്ഷിക്കാനും ആവശ്യമെങ്കിൽ മാത്രം ചികിത്സ നൽകാനുമാണ് കോടതി നിർദേശിച്ചിരുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത ഗീതാഞ്ജലി ആങ്മോ, നീതിപൂർവമായ വിധി നൽകിയ കോടതിക്കും കേസിൽ ഹാജരായ അഭിഭാഷകരുടെ സംഘത്തിനും സമൂഹമാധ്യമമായ എക്‌സിലൂടെ നന്ദി രേഖപ്പെടുത്തി.

Delhi HC allows Sonam Wangchuk to be shifted to pvt hospital, cites his fundamental rights

More Stories from this section

family-dental
witywide