
ഡൽഹി സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ഏഴായി ഉയർന്നു. ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയർന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 12 പേരെ പുറത്തെടുത്തതിൽ നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ്. തിരിച്ചറിയാനാകാത്ത അവസ്ഥയിലുള്ള മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുമ്പോൾ, കാണാതായവരുടെ ബന്ധുക്കൾ ആശങ്കയോടെ ആശുപത്രി പരിസരത്ത് കാത്തിരിക്കുകയാണ്.
അപകടത്തിന് പിന്നാലെ ഒളിവിൽ പോയ കെട്ടിട ഉടമ ഹരിറാം ഗുപ്തയെ രാജസ്ഥാനിലെ ബിവാഡിയിൽ നിന്ന് ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കായി നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സുരക്ഷിതമല്ലെന്ന കാരണത്താൽ മുൻപ് അടച്ചുപൂട്ടിയ കെട്ടിടം കഴിഞ്ഞവർഷം മുതൽ വീണ്ടും തുറന്നുപ്രവർത്തിച്ചതടക്കം ഗുരുതര നിയമലംഘനങ്ങളാണ് ഇവിടെ നടന്നത്. സംഭവത്തിൽ വീഴ്ച വരുത്തിയ എം.സി.ഡി. ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ അഞ്ച് മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ദില്ലി മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചു. സത്യനികേതനിൽ നാലുനിലയിൽ കൂടുതലുള്ള എല്ലാ കെട്ടിടങ്ങളിലും സുരക്ഷാ പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, അപകടത്തിന്റെ വ്യാപ്തിയും മരിച്ച വിദ്യാർത്ഥികളുടെ കണക്കുകളും സർക്കാർ മറച്ചുവെക്കുകയാണെന്ന് എൻ.എസ്.യു. ദേശീയ അധ്യക്ഷൻ വിനോദ് ജാക്കർ ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജിയും സമർപ്പിച്ചിട്ടുണ്ട്.
Delhi Hostel Collapse: Death Toll Rises to 7, Absconding Owner Arrested in Rajasthan and 5 Officials Suspended










