ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം കപ്പൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി ‘നിയന്ത്രിത മേഖല’ പ്രഖ്യാപിക്കാനൊരുങ്ങി ഇറാൻ. വരും ദിവസങ്ങളിലോ ആഴ്ചകളിലോ മേഖല പ്രഖ്യാപിക്കുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി മൊഹ്സെൻ റെസായി അറിയിച്ചു.
യുഎസ് നാവിക ഉപരോധം നിലനിൽക്കുന്ന മേഖലയിൽ നിന്ന് ഹോർമുസ് കടലിടുക്കിലേക്കും തുടർന്ന് പേർഷ്യൻ ഗൾഫിലേക്കും നിയന്ത്രിത മേഖല വ്യാപിപ്പിക്കാനാണ് ഇറാന്റെ നീക്കം. ഈ മേഖലയിലൂടെ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്നതായി തിരിച്ചറിയുന്ന കപ്പലുകളെ ഇറാന്റെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും റെസായി മുന്നറിയിപ്പ് നൽകി.
യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ യുഎസ് മൂന്ന് ഇറാനിയൻ എണ്ണക്കപ്പലുകൾ ആക്രമിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഇതോടെ ഹോർമുസ് കടലിടുക്കിലെ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ശക്തമായി.
എന്നാൽ നിയന്ത്രിത മേഖലയുടെ കൃത്യമായ അതിർത്തികളും അത് എങ്ങനെ നടപ്പാക്കുമെന്നതും ഇറാൻ വ്യക്തമാക്കിയിട്ടില്ല. ഇറാൻ തുറമുഖങ്ങളുടെ ഉപരോധത്തിന് 20-ലേറെ യുഎസ് യുദ്ധക്കപ്പലുകൾ പിന്തുണയ്ക്കുന്നുണ്ടെന്നാണ് യുഎസ് സൈന്യം പറയുന്നത്. ഇതിനകം 92 വാണിജ്യ കപ്പലുകളുടെ യാത്ര തിരിച്ചുവിടുകയും മൂന്ന് കപ്പലുകളുടെ പ്രവർത്തനം തടയുകയും ചെയ്തിട്ടുണ്ട്.
ഹോർമുസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച യുഎസ് ആളില്ലാ കപ്പലിനെ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടെങ്കിലും യുഎസ് സൈന്യം ഇത് പൂർണമായും കള്ളം എന്ന് വിശേഷിപ്പിച്ച് നിഷേധിച്ചിരുന്നു. ഏകദേശം ഒരു മാസത്തെ ശാന്തതയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച യുഎസും ഇറാനും വീണ്ടും പരസ്പര ആക്രമണം ആരംഭിച്ചതോടെയാണ് സംഘർഷം ശക്തമായത്. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണത്തോടെയാണ് നിലവിലെ യുദ്ധം ആരംഭിച്ചത്.
യുഎസുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിൽ ഇറാൻ കൂടുതൽ ജാഗ്രത പുലർത്തുകയാണ്. പാകിസ്ഥാൻ, ഖത്തർ, ഒമാൻ തുടങ്ങിയ മധ്യസ്ഥ രാജ്യങ്ങളിൽ നിന്ന് ശക്തമായ ഉറപ്പുകൾ ലഭിച്ച ശേഷമേ പുതിയ നയതന്ത്ര നീക്കങ്ങൾക്ക് തയ്യാറാകൂവെന്ന് റെസായി വ്യക്തമാക്കി.ഹോർമുസ് കടലിടുക്കിലൂടെ ഇപ്പോഴും പ്രതിദിനം ഏകദേശം 90 ലക്ഷം ബാരൽ എണ്ണ കടന്നുപോകുന്നുണ്ടെന്ന് യുഎസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കിയിരുന്നു. പ്രാദേശിക പൈപ്പ്‌ലൈനുകളിലൂടെയുള്ള ഗതാഗതം കൂടി കണക്കിലെടുക്കുമ്പോൾ യുദ്ധത്തിന് മുമ്പുണ്ടായിരുന്ന എണ്ണ ഒഴുക്കിന്റെ മൂന്നിൽ രണ്ടിലധികം ഇപ്പോഴും തുടരുന്നുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഹോർമുസിലെ പുതിയ നിയന്ത്രണങ്ങൾ ആഗോള എണ്ണവിതരണത്തെയും ഊർജവിലയെയും ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
Iran plans ‘exclusion zone’ near Strait of Hormuz as tensions with US flare again









