
എസ്.എഫ്.ഐ. ഡൽഹി സംസ്ഥാന സെക്രട്ടറിയും ജെ.എൻ.യു. വിദ്യാർത്ഥി യൂണിയൻ മുൻ അധ്യക്ഷയുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് എ.കെ.ജി. ഭവനിലെത്തി. 2021-ൽ ബംഗ്ല ഭവനു മുന്നിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് പോലീസ് നടപടിക്കൊരുങ്ങിയത്. എന്നാൽ, അനുവാദം വാങ്ങാതെ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിനുള്ളിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയും ജോൺ ബ്രിട്ടാസും ഉൾപ്പെടെയുള്ള സി.പി.എം. നേതാക്കൾ പോലീസിനെ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ പൊലീസ് മടങ്ങി.
പോലീസിന്റേത് തികച്ചും ക്രിമിനൽ കുറ്റമാണെന്നും പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം വ്യർത്ഥമായെന്നും സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി വിമർശിച്ചു. നീറ്റ് പ്രതിഷേധത്തിന്‍റെ പേരിലാണ് ഈ പ്രതികാര നടപടിക്ക് പൊലീസ് തുനിഞ്ഞതെന്നും ബേബി കൂട്ടിച്ചേർത്തു. നെയിം പ്ലേറ്റോ യൂണിഫോമോ ഇല്ലാതെയാണ് പോലീസുകാർ എത്തിയതെന്നും മഴ കാരണമാണ് യൂണിഫോം ഇടാത്തതെന്ന വിചിത്രമായ മറുപടിയാണ് അവർ നൽകിയതെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. നേതാക്കൾ ശക്തമായി ചോദ്യം ചെയ്തതോടെ വനിതാ പോലീസുകാർ സ്ഥലത്തുനിന്ന് മടങ്ങി. വരുന്ന 30-ന് കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ ഈ അടിയന്തര നീക്കം. സോനം വാങ്ചുക്കിനെ തട്ടിക്കൊണ്ടുപോയതിന് സമാനമായി ഐഷി ഘോഷിനെയും തട്ടിക്കൊണ്ടുപോകാനാണ് യൂണിഫോമില്ലാതെ എത്തിയ പോലീസ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
Delhi Police Move to Arrest Aishi Ghosh: CPM Leaders Block Officers at AKG Bhawan












