ന്യൂഡൽഹി: ലഡാക്ക് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധം കനക്കുന്നു. ജന്തർ മന്തറിൽ നിരാഹാര സമരം ആരംഭിച്ച കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) അധ്യക്ഷൻ അഭിജീത് ദീപ്‌കെയ്‌ക്കെതിരെ പ്രതിഷേധത്തിനിടെ കയ്യേറ്റ ശ്രമമുണ്ടായി. പ്രവർത്തകരോട് സംസാരിച്ചു നിൽക്കുകയായിരുന്ന അഭിജീതിന്റെ മുഖത്തേക്ക് ജനക്കൂട്ടത്തിൽ നിന്നെത്തിയ ഒരു സ്ത്രീ മഷി കുടയുകയായിരുന്നു. ജയ്ശ്രീറാം വിളിച്ചെത്തിയ ഇവരെ പിന്നീട് പോലീസ് ഇടപെട്ടാണ് സംഭവസ്ഥലത്തു നിന്ന് മാറ്റിയത്. ഇതേത്തുടർന്ന് പൊലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
അതേസമയം, കസ്റ്റഡിയിലായ സോനം വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് ഉടൻ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആഗ്‌മോ രംഗത്തെത്തി. വാങ്ചുക്കിനെ കുടുംബത്തിന്റെ താല്പര്യപ്രകാരമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും അനുവാദമില്ലാതെ മരുന്നോ ഭക്ഷണമോ നൽകരുതെന്നും ആവശ്യപ്പെട്ട് അവർ മെഡിക്കൽ സൂപ്രണ്ടിന് കത്ത് നൽകി. പുലർച്ചെ സമരവേദിയിലെത്തിയ പോലീസ് വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും സമരക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെ വീട്ടുതടങ്കലിലാക്കപ്പെട്ട അഭിജീത് ദീപ്കെ പിന്നീട് ജന്തർ മന്തറിൽ തിരിച്ചെത്തി സമരം പുനരാരംഭിക്കുകയായിരുന്നു.
വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ സമരം ശക്തമാക്കാൻ കൂടുതൽ സംഘടനകൾ ജന്തർ മന്തറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം. സജിയും നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് സംഘടന പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം തുടരുമെന്നും സോനത്തെ കസ്റ്റഡിയിലെടുത്തത് സമരത്തെ തകർക്കാനാണെന്നും എസ്.എഫ്.ഐ ആരോപിച്ചു. സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും സി.ജെ.പി, ഐസ തുടങ്ങിയ ഇടത് വിദ്യാർത്ഥി സംഘടനകളും സമരത്തിന് പിന്തുണയുമായി ഉടൻ ജന്തർ മന്തറിലെത്തും.
Protests Intensify at Jantar Mantar: Attack on Abhijit Dipke, SFI Announces Hunger Strike













