
തിരുവനന്തപുരം: പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന സമ്മേളനത്തിൽ ഗുരുതരമായ ചട്ടലംഘനം. സഭയുടെ പരമാധികാരത്തെയും പ്രോട്ടോക്കോളിനെയും ലംഘിച്ചുകൊണ്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) റാവാഡ ചന്ദ്രശേഖർ നിയമസഭയ്ക്കുള്ളിലേക്ക് പ്രവേശിച്ചതാണ് വിവാദമായിരിക്കുന്നത്.
ഇന്ന് രാവിലെ സർക്കാരിൻ്റെ നയപ്രഖ്യാപന പ്രസംഗത്തിനായി സഭയിലെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ സ്വീകരിച്ച് ആനയിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്പീക്കറും മുഖ്യമന്ത്രിയും പാർലമെൻ്ററി കാര്യമന്ത്രിയും ചേർന്നാണ് ഗവർണറെ സഭാതലത്തിലേക്ക് ആനയിക്കേണ്ടത്. എന്നാൽ ഈ ഔദ്യോഗിക സംഘത്തിനൊപ്പം ഡിജിപിയും സഭയ്ക്കകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഇത് പതിവില്ലാത്ത കീഴ്‌വഴക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സഭയ്ക്ക് അകത്ത് കടക്കാൻ പ്രോട്ടോകോൾ പ്രകാരം ഡിജിപിക്ക് അനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ ചട്ടങ്ങൾ പ്രകാരം ജനപ്രതിനിധികളല്ലാത്ത ഉദ്യോഗസ്ഥർക്ക് സഭാതലത്തിലേക്ക് പ്രവേശനമില്ല. വാച്ചർമാരുടെ കനത്ത സുരക്ഷയുള്ള സഭയ്ക്കുള്ളിലേക്ക് ഡിജിപി പ്രവേശിച്ചതിന് പുറമെ, സമ്മേളനത്തിൻ്റെ തുടക്കത്തിൽ ‘വന്ദേമാതരം’ പൂർണ്ണമായി ആലപിക്കാതിരുന്നതിലും വൻ പ്രോട്ടോക്കോൾ ലംഘനം നടന്നു. ഇതിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സഭയിൽ വച്ച് തന്നെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. വന്ദേമാതരം പൂർണ്ണമായി ആലപിക്കാത്തത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ സമ്മേളനത്തിൽ തന്നെ ഭരണഘടനാ തലവനായ ഗവർണറുടെ സാന്നിധ്യത്തിലാണ് ഈ ചട്ടലംഘനങ്ങൾ ഉണ്ടായതെന്നതും ശ്രദ്ധേയം.
DGP enters the assembly; UDF government’s first policy announcement violates rules














