യുപിയിൽ 130 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്; മറുപടി നൽകാതെ സമാജ്‌വാദി പാർട്ടി

ന്യൂഡൽഹി: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സീറ്റുകളെച്ചൊല്ലി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള ചർച്ചകൾക്ക് തുടക്കമായി. 403 നിയമസഭാ മണ്ഡലങ്ങളിൽ 130 സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഡൽഹിയിൽ തിങ്കളാഴ്ച നടന്ന ഇരുപാർട്ടികളുടെയും ആദ്യ ഔദ്യോഗിക ചർച്ച വെറും 15 മിനിറ്റിനുള്ളിൽ അവസാനിച്ചു.

കോൺഗ്രസ് നേതാവ് പ്രമോദ് തിവാരിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയപ്പോൾ കോൺഗ്രസ് തയാറാക്കിയ മണ്ഡലങ്ങളുടെ പട്ടിക കൈമാറി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നിലപാട് എന്താണെന്ന് രാം ഗോപാൽ യാദവ് ചോദിച്ചതിന് പിന്നാലെയാണ് 130 സീറ്റുകൾ ഉൾപ്പെടുത്തിയ പട്ടിക നൽകിയത്.

അമേഠിയിലെയും റായ്ബറേലിയിലെയും മുഴുവൻ മണ്ഡലങ്ങളിലും മത്സരിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. കൂടാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു സീറ്റെങ്കിലും ലഭിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെയും നിലവിലെ അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും നാടായ സൈഫായിയിലെ മണ്ഡലങ്ങൾ മാത്രമാണ് കോൺഗ്രസിന്റെ പട്ടികയിൽ ഒഴിവാക്കിയിരിക്കുന്നതെന്നാണ് വിവരം.

എന്നാൽ 130 സീറ്റുകൾ വേണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിൽ സമാജ്‌വാദി പാർട്ടി ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. അഖിലേഷ് യാദവുമായി ചർച്ച നടത്തിയ ശേഷം മറുപടി നൽകാമെന്നാണ് രാം ഗോപാൽ യാദവും സംഘവും അറിയിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഇരുപാർട്ടികളും വീണ്ടും ചർച്ച നടത്തും. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനത്തിലെത്താനാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

ചർച്ചകൾ പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുപോകുന്നുണ്ടെന്നാണ് ഇരുപാർട്ടികളുടെയും പ്രതികരണം. സഖ്യം കൂടുതൽ ശക്തിപ്പെടുത്തി തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുകയാണ് ലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് ആരാധന മിശ്ര വ്യക്തമാക്കി. ധാരണയിലെത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് രാം ഗോപാൽ യാദവും അറിയിച്ചു.

More Stories from this section

family-dental
witywide