‘ദിൽ സെ ദീപാവലി’; ആറ് സംസ്ഥാനങ്ങളിലും 20ലേറെ നഗരങ്ങളിലും ദീപാവലി ആഘോഷത്തിൽ പങ്കുചേർന്ന് യുഎസ് ജനപ്രതിനിധികൾ

അമേരിക്കയിലുടനീളം ഇന്ത്യൻ വംശജരും ജനപ്രതിനിധികളും ഒത്തുചേർന്ന് ദീപാവലി ആഘോഷിച്ചു. ഗവർണർമാർ, സെനറ്റർമാർ, മേയർമാർ, ജനപ്രതിനിധിസഭാംഗങ്ങൾ തുടങ്ങി നിരവധി പ്രമുഖർ ആഘോഷങ്ങളുടെ ഭാഗമായി. ആറ് സംസ്ഥാനങ്ങളിലായി 20ലേറെ നഗരങ്ങളിൽ നടന്ന പരിപാടികളിൽ പ്രാദേശിക ഭരണാധികാരികളും ജനപ്രതിനിധികളും പങ്കെടുത്തതായി സിയാറ്റിലിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു. ദീപാവലിയോടനുബന്ധിച്ച് വിവിധ നഗരസഭകൾ പ്രത്യേക പ്രഖ്യാപനങ്ങളും നടത്തി.

വാഷിങ്ടൺ ഗവർണർ ബോബ് ഫെർഗൂസൺ നവംബർ നാലിന് ഒളിമ്പിയയിലെ സംസ്ഥാന ക്യാപിറ്റോൾ മന്ദിരത്തിൽ ദീപാവലി ആഘോഷിച്ചു. നഗരത്തിൽ ആദ്യമായാണ് ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ ഇന്ത്യൻ വംശജരുടെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. അമേരിക്കയിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജർ താമസിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് വാഷിങ്ടണെന്നും സംസ്ഥാനത്തിന്റെ പുരോഗതിയിൽ ഈ സമൂഹം വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഫെർഗൂസൺ പറഞ്ഞു. 2026 നവംബർ എട്ട് ‘ദീപാവലി അഥവാ വെളിച്ചത്തിന്റെ ഉത്സവദിനമായി’ പ്രഖ്യാപിക്കുന്ന ഉത്തരവിൽ ഒപ്പുവയ്ക്കാനായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഘോഷത്തിൽ സംസ്ഥാന സെനറ്റർ മങ്ക ധിൻഗ്രയും പങ്കെടുത്തു.

നെബ്രാസ്ക ഗവർണർ ജിം പില്ലൻ ലിങ്കണിലെ ഗവർണറുടെ ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ സ്വത്വത്തിന്റെ പ്രധാന ഭാഗമാണ് ഇന്ത്യൻ സമൂഹമെന്ന് വിശേഷിപ്പിച്ച അദ്ദേഹം അതിഥികളെ ‘നിങ്ങളുടെ സ്വന്തം വീട്ടിലേക്ക് സ്വാഗതം’ എന്ന് പറഞ്ഞാണ് സ്വീകരിച്ചത്. ദീപാവലിയുടെ സന്ദേശവും നെബ്രാസ്കയുടെ മൂല്യങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. അയൽക്കാർ പരസ്പരം സഹായിക്കുന്ന മനോഭാവമാണ് ആഘോഷത്തിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു. കുടുംബബന്ധങ്ങൾ, നന്ദി, ആത്മപരിശോധന എന്നിവയുടെ പ്രാധാന്യം ഓർമിപ്പിക്കുന്ന ദീപാവലി പാരമ്പര്യങ്ങൾ വരുംതലമുറകളിലേക്കും കൈമാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രഥമ വനിത സൂസൻ പില്ലൻ, ലെഫ്റ്റനന്റ് ഗവർണർ ജോ കെല്ലി, ലിങ്കൺ മേയർ ലെറിയോൺ ഗെയ്‌ലർ ബെയർഡ്, സ്റ്റേറ്റ് സെക്രട്ടറി റോബർട്ട് എവ്നെൻ, കോൺഗ്രസ് അംഗം ഡോൺ ബേക്കൺ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു.ഇന്ത്യൻ സമൂഹം അമേരിക്കയെ കൂടുതൽ ശക്തവും മികച്ചതുമാക്കുന്നുവെന്ന് കോൺഗ്രസ് അംഗം ഡോൺ ബേക്കൺ പറഞ്ഞു. 200ലേറെ വംശീയ വിഭാഗങ്ങൾ ഒരുമിച്ച് ജീവിക്കുന്ന രാജ്യമാണ് അമേരിക്കയെന്നും ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകൾ അതിൽ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

‘Dil se Diwali’: From senators to mayors, US leaders join Diwali bash in six states and over 20 cities

More Stories from this section

family-dental
witywide