വൈറ്റ് ഹൗസിൽ ട്രംപിന്റെ ദീപാവലി ആഘോഷം; ഓവൽ ഓഫീസിൽ വിളക്കുകളും ഹനുമാൻ ചാലിസയും, അതിഥിയായി വികാസ് ഖന്നയും

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ പ്രൗഢഗംഭീരമായ ദീപാവലി ആഘോഷം സംഘടിപ്പിച്ചു. ട്രംപ് ഭരണകൂടത്തിലെ പ്രമുഖ ഇന്ത്യൻ-അമേരിക്കൻ അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, പ്രശസ്ത സംരംഭകർ, ബിസിനസ്സ് പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഓവൽ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രസിഡന്റ് ട്രംപ് ദീപം തെളിയിച്ചതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര, മൈക്രോൺ ടെക്നോളജി സിഇഒ സഞ്ജയ് മെഹ്‌റോത്ര, പ്രശസ്ത സെലിബ്രിറ്റി ഷെഫ് വികാസ് ഖന്ന, ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ, എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ, യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ ജയ് ഭട്ടാചാര്യ എന്നിവർ അതിഥികളായെത്തി.

ഇവർക്ക് പുറമെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി കമ്മീഷണർ അർജുൻ മോദി എന്നിവരും സന്നിഹിതരായിരുന്നു. ചടങ്ങിൽ വെച്ച് ജിഒക്യുഐഐ (GOQii) ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ വിശാൽ ഗോണ്ടൽ പ്രസിഡന്റ് ട്രംപിന് ഹനുമാൻ ചാലിസയുടെ കോപ്പി സമ്മാനിച്ചു. ധൈര്യത്തിന്റെയും ഭക്തിയുടെയും പ്രതീകമായ ഹനുമാൻ ചാലിസ ട്രംപിന് സമ്മാനിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഇന്ത്യ-യുഎസ് സൗഹൃദത്തിനായും ഇരുളിന്മേൽ വെളിച്ചത്തിന്റെ വിജയത്തിനായും താൻ പ്രാർത്ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ധല്ല ഗ്രൂപ്പ് സിഇഒ റൂബി ധല്ല, നാക്ക് സിസ്റ്റംസ് സിഇഒ രാജീവ് ശർമ്മ, കേശവം ഡിസി പ്രസിഡന്റ് വിശ്വജിത് മല്ലംപതി, വൈറ്റ് ഹൗസ് ഇവന്റ്സ് ഉദ്യോഗസ്ഥൻ അരവിന്ദ് ചദ്ദ തുടങ്ങിയ പ്രമുഖരും ആഘോഷത്തിൽ പങ്കാളികളായി.

2003-ൽ അന്നത്തെ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന്റെ കാലത്താണ് വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിക്കുന്ന പാരമ്പര്യം ആരംഭിക്കുന്നത്. പിന്നീട് 2009-ൽ പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൗസിൽ ഔദ്യോഗികമായി വിളക്ക് തെളിയിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റായി. ആ പാരമ്പര്യം കാത്തുസൂക്ഷിച്ചാണ് ഇത്തവണയും ഇന്ത്യൻ സമൂഹത്തെ ചേർത്തുപിടിച്ച് ട്രംപ് ദീപാവലി ആഘോഷം സംഘടിപ്പിച്ചത്.

Trump’s Diwali celebration at the White House: Lamps and the Hanuman Chalisa in the Oval Office, with Vikas Khanna as a guest.

More Stories from this section

family-dental
witywide