മാധ്യമ ഭീമനും ട്രംപും വൻ നിയമ പോരാട്ടത്തിലേക്ക്! എബിസി നെറ്റ്‌വർക്കിന് മേലുള്ള ട്രംപ് ഭരണകൂടത്തിന്‍റെ സമ്മർദ്ദം; ഭരണഘടനാ അവകാശം ഉന്നയിച്ച് ഡിസ്നി കോടതിയിലേക്ക്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടവും മാധ്യമ ഭീമന്മാരായ ഡിസ്നിയും തമ്മിലുള്ള നിയമപോരാട്ടം പുതിയ തലത്തിലേക്ക്. ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള എബിസി ടെലിവിഷൻ നെറ്റ്‌വർക്കുകളുടെ പ്രക്ഷേപണ അവകാശങ്ങൾക്ക് മേൽ ട്രംപ് ഭരണകൂടം നടത്തുന്ന സമ്മർദ്ദ നീക്കങ്ങൾക്കെതിരെ ഡിസ്നി ഫെഡറൽ കോടതിയെ സമീപിച്ചു. എഫ്‌സി‌സി (ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ) നടത്തുന്ന നടപടികൾ തങ്ങളുടെ ഒന്നാം ഭരണഘടനാ ഭേദഗതി ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസ്നി വാഷിംഗ്ടൺ ഡിസി ഡിസ്ട്രിക്റ്റ് കോടതിയിൽ ഹർജി നൽകിയത്.

എബിസി സംപ്രേഷണം ചെയ്യുന്ന വാർത്തകളോടും പരിപാടികളോടുമുള്ള രാഷ്ട്രീയ വിയോജിപ്പ് മൂലം മാത്രമാണ് ട്രംപ് ഭരണകൂടം പ്രതികാര നടപടികൾ സ്വീകരിക്കുന്നതെന്ന് ഹർജിയിൽ ഡിസ്നി വ്യക്തമാക്കുന്നു. എബിസിയുടെ പ്രശസ്തമായ ടോക്ക് ഷോ ‘ദി വ്യൂ’ , എബിസി ചാനലുകളുടെ ലൈസൻസുകൾ എന്നിവയ്‌ക്കെതിരെ എഫ്‌സി‌സി അസാധാരണമായ അന്വേഷണങ്ങൾ ആരംഭിച്ച പശ്ചാത്തലത്തിലാണ് ഈ നിയമനടപടി.

ട്രംപിന്റെ വിശ്വസ്തനായ എഫ്‌സി‌സി ചെയർമാൻ ബ്രെൻഡൻ കാർ, വൈവിധ്യവും സമത്വവും ഉറപ്പാക്കുന്ന ഡിഇഐ നയങ്ങളുടെ പേരിൽ ഡിസ്നിക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഡിസ്നി നിയമവിരുദ്ധമായ വേർതിരിവുകൾ കാണിക്കുന്നുവെന്ന് കാർ ആരോപിക്കുമ്പോൾ, മാധ്യമങ്ങൾക്കെതിരെ രാഷ്ട്രീയം വച്ച് പ്രതികാരം ചെയ്യാനുള്ള വ്യാജ കാരണം മാത്രമാണ് ഇതെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. വർഷങ്ങളായി എബിസി ചാനലിനും അതിന്റെ മാധ്യമപ്രവർത്തകർക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്ന ട്രംപ്, ചാനലുകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ എബിസിയുടെ ലേറ്റ് നൈറ്റ് ഷോ അവതാരകനായ ജിമ്മി കിമ്മൽ നടത്തിയ തമാശയെച്ചൊല്ലി വിവാദമുണ്ടായപ്പോൾ, കിമ്മലിനെ പുറത്താക്കാൻ ട്രംപ് എബിസിക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ കിമ്മലിന് എബിസി പിന്തുണ പ്രഖ്യാപിച്ചതോടെ, വർഷങ്ങൾക്ക് ശേഷം മാത്രം പുതുക്കേണ്ട എബിസിയുടെ എട്ട് പ്രക്ഷേപണ ലൈസൻസുകൾ നേരത്തെ പുതുക്കുന്നതിനായി അപേക്ഷ നൽകാൻ കാർ ഉത്തരവിടുകയായിരുന്നു. ട്രംപിന്റെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്തതിനുള്ള പ്രതികാര നടപടിയായാണ് എഫ്‌സി‌സിയുടെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

അമേരിക്കയിലുടനീളം ഇരുനൂറിലധികം എബിസി അഫിലിയേറ്റഡ് ചാനലുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, അവയിൽ എട്ടെണ്ണം മാത്രമാണ് ഡിസ്നിയുടെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ളത്. പൊതു പ്രക്ഷേപണ തരംഗങ്ങൾ ഉപയോഗിക്കുന്നതിനാൽ എഫ്‌സി‌സിയുടെ പരിധിയിൽ വരുന്ന ഈ എട്ട് ചാനലുകളെ ലക്ഷ്യമിട്ടാണ് നിലവിൽ കേന്ദ്ര ഏജൻസിയുടെ നടപടികൾ പുരോഗമിക്കുന്നത്.

More Stories from this section

family-dental
witywide