യമനിൽ ഹൂതികൾക്കെതിരെ സൗദി സഖ്യത്തിന്റെ വൻ സൈനിക നീക്കം; സനാ തിരിച്ചുപിടിക്കാൻ ‘ഡോൺ ഓഫ് യെമൻ’

യമനിലെ യുദ്ധം വീണ്ടും നിർണായക ഘട്ടത്തിലേക്ക്. ഇറാൻ പിന്തുണയുള്ള ഹൂതികളിൽ നിന്ന് തലസ്ഥാനമായ സനാ തിരിച്ചുപിടിക്കാൻ അന്താരാഷ്ട്ര അംഗീകാരമുള്ള യമൻ സർക്കാർ വൻ സൈനിക നീക്കം ആരംഭിച്ചു. ‘ഡോൺ ഓഫ് യെമൻ’ എന്ന പേരിലുള്ള ദൗത്യത്തിന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ശക്തമായ പിന്തുണയുണ്ട്. ഹൂതികൾക്കെതിരെ 100 യുദ്ധവിമാനങ്ങൾ വിന്യസിച്ചതായും 324 പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായും സൗദി സഖ്യസേന അറിയിച്ചു. തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് കടലിടുക്കിന് വ്യോമസംരക്ഷണം ഉറപ്പാക്കിയതായും സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു.

തലസ്ഥാനമായ സനാ തിരിച്ചുപിടിക്കുക, സർക്കാർ സ്ഥാപനങ്ങളുടെ നിയന്ത്രണം പുനഃസ്ഥാപിക്കുക, ഹൂതി നിയന്ത്രണം അവസാനിപ്പിക്കുക എന്നിവയാണ് ‘ഡോൺ ഓഫ് യെമൻ’ ദൗത്യത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് റഷാദ് അൽ അലിമി അറിയിച്ചു. ആയുധം താഴെവയ്ക്കാൻ ഹൂതികളോട് യമൻ സൈനിക വക്താവും ആവശ്യപ്പെട്ടു. ബാബ് അൽ മന്ദബിന് സമീപമുള്ള ദുബാബ് ജില്ലയിലെ വലിയൊരു ഭാഗം സർക്കാർ സേന പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. കനത്ത വ്യോമാക്രമണത്തിന്റെ പിന്തുണയോടെ മേഖലയുടെ പൂർണ നിയന്ത്രണം ഉറപ്പാക്കാനുള്ള നീക്കത്തിലാണ് സേന. എന്നാൽ സർക്കാർ സേന മുന്നേറിയെന്ന റിപ്പോർട്ടുകൾ ഹൂതി അനുകൂല മാധ്യമങ്ങൾ നിഷേധിച്ചു.

യമനിലെ പുതിയ സംഘർഷം ചെങ്കടലിന്റെ സുരക്ഷയിലും ആശങ്ക ഉയർത്തുന്നുണ്ട്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഗൾഫ് മേഖലയിൽ നിന്നുള്ള ഊർജ കയറ്റുമതി ഇതിനകം പ്രതിസന്ധിയിലാണ്. ഇതിനുപിന്നാലെ ചെങ്കടലിലെ പ്രധാന കപ്പൽപാതയായ ബാബ് അൽ മന്ദബിലും സംഘർഷം രൂക്ഷമായത് ആഗോള എണ്ണവിലയെയും ബാധിച്ചേക്കും. നാല് വർഷത്തെ വെടിനിർത്തലിന് പിന്നാലെയാണ് സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള പോരാട്ടം വീണ്ടും ശക്തമായത്. ‘അൻസാർ അല്ലാഹ്’ എന്നറിയപ്പെടുന്ന ഹൂതികൾ 2014 മുതൽ തലസ്ഥാനമായ സനയും വടക്കുപടിഞ്ഞാറൻ യമന്റെ വലിയൊരു ഭാഗവും നിയന്ത്രിച്ചുവരികയാണ്. രാജ്യത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും ഈ മേഖലകളിലാണ് താമസിക്കുന്നത്.

അമേരിക്ക-ഇറാൻ യുദ്ധം തുടരുന്നതിനിടെ കഴിഞ്ഞ മാസം ഹൂതികൾ അപ്രതീക്ഷിത മുന്നേറ്റം നടത്തിയിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ ബാബ് അൽ മന്ദബ് കടലിടുക്കും ചെങ്കടലിലെ ഏകദേശം 150 കിലോമീറ്റർ തീരപ്രദേശവും പിടിച്ചെടുത്തതായി ഹൂതികൾ അവകാശപ്പെട്ടു. ചെങ്കടലിലെ സൗദി കപ്പൽ ഗതാഗതത്തിന് ഉപരോധം പ്രഖ്യാപിച്ചതായും സൗദിയുമായി ബന്ധമുള്ള നിരവധി കപ്പലുകൾ ആക്രമിച്ചതായും അവർ അറിയിച്ചിരുന്നു.

‘Dawn Of Yemen’: Saudi-Led Coalition Launches Major Push Against Houthis To Retake Sanaa

More Stories from this section

family-dental
witywide