മറ്റ് അന്വേഷണ ഏജൻസികളുടെ കാര്യത്തിൽ ഇടപെടരുത്, പിണറായിക്കെതിരായ മാസപ്പടി കേസിനിടെ ഇ ഡിക്ക് സുപ്രീം കോടതിയുടെ കർശന മുന്നറിയിപ്പ്

എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സുപ്രീം കോടതിയുടെ ശക്തമായ മുന്നറിയിപ്പ്. മറ്റ് അന്വേഷണ ഏജൻസികൾ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നതിൽ ഇ.ഡി ഇടപെടരുതെന്ന് കോടതി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ, മരുമകൻ പി.എ. മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടയിലാണ് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ നിരീക്ഷണങ്ങൾ ഉണ്ടായത്.

ഇ.ഡി പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി.എം.ആർ.എൽ-എക്‌സാലോജിക് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ നിയമം അനുവദിച്ചുനൽകിയിട്ടുള്ള പരിധികൾ ലംഘിക്കാൻ മുതിരരുതെന്നും, മറ്റ് സ്ഥാപനങ്ങളുടെ നിയമപരമായ അധികാരപരിധിയിൽ ഇടപെടുന്നതിനായി സ്വന്തം അധികാരങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും കോടതി ഇ.ഡി അഭിഭാഷകനോട് കർശനമായി പറഞ്ഞു. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നിലനിർത്തുമെങ്കിലും, അപ്പീൽ അതോറിറ്റി അന്തിമ തീരുമാനമെടുക്കുന്നത് വരെ അന്വേഷണം പാടില്ലെന്നും കോടതി ഉത്തരവിട്ടു.

അതേസമയം, ഹവാല ഇടപാടുകളെക്കുറിച്ചും മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവരെക്കുറിച്ചും അന്വേഷിക്കാൻ ഇ.ഡിക്ക് പൂർണ്ണ അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ, അഴിമതി നിരോധന നിയമപ്രകാരം വിവരങ്ങൾ സംസ്ഥാനത്തിന് കൈമാറിയാൽ പിന്നെ നടപടിയെടുക്കേണ്ടത് സംസ്ഥാനമാണെന്നും, സംസ്ഥാന പോലീസ് എന്ത് ചെയ്യണമെന്ന് ഇ.ഡി നിർദ്ദേശിക്കരുതെന്നും കോടതി ഊന്നിപ്പറഞ്ഞു. പ്രതികളുടെ ഭാഗം കേൾക്കാൻപോലും അവസരം നൽകാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടാൻ തക്ക അടിയന്തര സാഹചര്യം എന്തായിരുന്നുവെന്നും ബെഞ്ച് ചോദിച്ചു.

തുടർന്ന്, സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പ്രതികൾക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17എ പ്രകാരമുള്ള മുൻകൂർ അനുമതിയുടെ കാര്യത്തിലും കോടതി വ്യക്തത തേടിയിട്ടുണ്ട്.

Do Not Interfere in Other Investigative Agencies’ Matters: Supreme Court Issues Strict Warning to ED

Also Read

More Stories from this section

family-dental
witywide