പെടാപ്പാട് പെട്ട് അമേരിക്കൻ ജനത! വൈദ്യുതി ബില്ലുകൾ കുതിച്ചുയരുന്നു; ചെലവ് ചുരുക്കാൻ ഭക്ഷണക്രമത്തിൽ പോലും മാറ്റം വരുത്തി ജനങ്ങൾ

വാഷിം​ഗ്ടൺ: അമേരിക്കയിൽ കുതിച്ചുയരുന്ന വൈദ്യുതി ബില്ലുകൾ സാധാരണക്കാരായ കുടുംബങ്ങളുടെ ജീവിതനിലവാരത്തെയും സാമ്പത്തിക ഭദ്രതയെയും കഠിനമായി ബാധിക്കുന്നതായി റിപ്പോർട്ട്. ‘കൺസ്യൂമർ റിപ്പോർട്ട്സ്’ നടത്തിയ പുതിയ ദേശീയ സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വർദ്ധിച്ചുവരുന്ന കറന്റ് ബില്ലുകൾ അടച്ചുതീർക്കാൻ അഞ്ചിലൊന്ന് അമേരിക്കക്കാർ ഭക്ഷണച്ചെലവുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാകുന്നു. കൂടാതെ, ബില്ലുകൾ കുറയ്ക്കാനായി നാലിലൊന്ന് ഉപഭോക്താക്കൾ തങ്ങളുടെ വീടുകളിലെ എയർ കണ്ടീഷണറുകളുടെയും ഹീറ്ററുകളുടെയും ഉപയോഗം വലിയ തോതിൽ പരിമിതപ്പെടുത്തുകയാണ്.

കഴിഞ്ഞ മൂന്ന് വർഷമായി ഒരേ വീട്ടിൽ താമസിക്കുന്ന 80 ശതമാനത്തോളം ആളുകളും തങ്ങളുടെ വൈദ്യുതി ബില്ലിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി സർവേയിൽ വ്യക്തമാക്കുന്നു. ഫെഡറൽ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം യു.എസിലെ പ്രധാന നഗരങ്ങളിൽ വൈദ്യുതി നിരക്ക് മൂന്ന് വർഷത്തിനിടെ 14 ശതമാനത്തിലധികം വർദ്ധിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കാരണം ഇന്ധനവിലയിലുണ്ടായ വർദ്ധനവിന് പുറമേയാണ് കറന്റ് ബില്ലിലെ ഈ അപ്രതീക്ഷിത കുതിച്ചുചാട്ടം. പെൻഷൻകാരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന നിശ്ചിത വരുമാനക്കാരായ വിഭാഗങ്ങളാണ് ഈ പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്.

ഡാറ്റാ സെന്ററുകളുടെ വ്യാപകമായ നിർമ്മാണവും ഊർജ്ജ കമ്പനികളുടെ അമിത ലാഭക്കൊതിയുമാണ് നിരക്കുകൾ കുത്തനെ ഉയരാൻ പ്രധാന കാരണമെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സെന്ററുകൾ എന്നിവയുടെ വരവോടെ വൈദ്യുതി ആവശ്യകതയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങളിലൊന്നായി ജീവിതച്ചെലവും ഇന്ധന-വൈദ്യുതി നിരക്കുകളും മാറിയിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

More Stories from this section

family-dental
witywide