ഇറാന്‍റെ രോഷമറിഞ്ഞ് പാക് സേനാ മേധാവി, ‘അമേരിക്കയോട് വിശ്വാസമില്ല, പറയാൻ പുതിയ സന്ദേശങ്ങളൊന്നും ഇവിടെയില്ല’, മടക്കി അയച്ചു, മധ്യസ്ഥ ശ്രമം പ്രതിസന്ധിയിൽ

പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങളുടെ ഭാഗമായി അമേരിക്കയുടെ സന്ദേശവുമായെത്തിയ പാക് സേനാ മേധാവി അസിം മുനീറിനെ ഇറാൻ മടക്കി അയച്ചു. അമേരിക്കയ്ക്ക് കൈമാറാൻ യാതൊരു സന്ദേശവുമില്ലെന്ന് വ്യക്തമാക്കിയാണ് ഇറാൻ പാക് മേധാവിയെ മടക്കിയത്. അമേരിക്കയെ വിശ്വാസമില്ലെന്നും ഇറാൻ വെച്ച ഏഴ് ഉപാധികൾ അംഗീകരിക്കുക മാത്രമാണ് ഏക വഴിയെന്നുമാണ് ടെഹ്‌റാന്റെ നിലപാട്. ഈ ഉപാധികൾ നടപ്പിലാക്കി വിശ്വാസ്യത ഉറപ്പാക്കിയ ശേഷം മാത്രമേ തുടർചർച്ചകൾ സാധ്യമാകൂ എന്നും ഇറാൻ വ്യക്തമാക്കി. ഈ സംഭവത്തോടെ പശ്ചിമേഷ്യൻ സംഘർഷത്തിലെ മധ്യസ്ഥ നീക്കങ്ങൾ പുതിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

റഷ്യൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ അമേരിക്കയുമായി സമവായ ഫോർമുല മുന്നോട്ടുവെച്ചാണ് അസിം മുനീർ ടെഹ്‌റാനിലെത്തിയത്. എന്നാൽ ഇറാൻ കടുത്ത നിലപാട് സ്വീകരിച്ചതോടെ സന്ദർശനം പൂർണ്ണമായും പരാജയപ്പെടുകയായിരുന്നു. യുറേനിയത്തിന്റെ ഒരു കണിക പോലും രാജ്യം വിട്ടുപോകില്ലെന്ന് ആവർത്തിച്ച ഇറാൻ, ഇത് തങ്ങൾ സൂക്ഷിച്ചു കൊള്ളാമെന്ന റഷ്യയുടെ സമവായ നിർദേശവും തള്ളിക്കളഞ്ഞു. കൂടാതെ, ഇറാൻ – പാക്കിസ്ഥാൻ വ്യാപാര അതിർത്തികൾ അടച്ചിട്ടതും റൂട്ടുകൾ തുറക്കാൻ പാക്കിസ്ഥാൻ വൈകിയതും ഇറാനെ ചൊടിപ്പിച്ചിരുന്നു. പാക് മേധാവിയുമായുള്ള കൂടിക്കാഴ്ചയിൽ ഇറാൻ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയുടെ ശരീരഭാഷയിലും ഈ രോഷം പ്രകടമായിരുന്നു.

അമേരിക്ക ഉപരോധങ്ങളിൽ ഇളവുകൾ വരുത്തിയാൽ മാത്രമേ ചർച്ചകൾ മുന്നോട്ട് പോകൂ എന്നതാണ് ഇറാന്റെ പ്രധാന വ്യവസ്ഥ. മരവിപ്പിച്ച സ്വത്തുക്കൾ തിരികെ നൽകുക, നാവിക ഉപരോധം പിൻവലിക്കുക, സാമ്പത്തിക ഉപരോധങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുക തുടങ്ങിയ കടുത്ത ഉപാധികളാണ് ഇറാൻ അമേരിക്കയ്ക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ഇറാനുമായുള്ള മധ്യസ്ഥശ്രമങ്ങളിൽ പരാജയപ്പെട്ടത് വഴി പരോക്ഷമായി ഇറാന്റെ രോഷത്തിന്റെ ചൂട് അറിയേണ്ടി വന്നിരിക്കുന്നത് പാക്കിസ്ഥാനാണ്.

Iran Sends Back Pak Army Chief Over US Message; Mediation Efforts Hit Deadlock

More Stories from this section

family-dental
witywide