
തിരുവനന്തപുരം: സി.പി.എം സംസ്ഥാന നേതൃത്വത്തെയും മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിക്കൂട്ടിലാക്കി വീണ്ടും പ്രതികരണവുമായി മുതിർന്ന നേതാവ് ജി. സുധാകരൻ എംഎൽഎ. താൻ പാർട്ടിയിൽ നിന്ന് പുറത്തുപോയത് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനല്ലെന്നും, മറിച്ച് പാർട്ടിയിൽ തുടരാൻ പറ്റാത്ത സാഹചര്യം ഉണ്ടായതുകൊണ്ടാണെന്നും സുധാകരൻ വ്യക്തമാക്കി. നിരവധി രാഷ്ട്രീയ ഓഫറുകൾ വന്നിട്ടും താൻ മറ്റൊരു പാർട്ടിയിലും ചേരാൻ തയ്യാറായിട്ടില്ലെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം പിന്നീട് എടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയിൽ നിന്ന് പോയവരുടെ കൂട്ടത്തിൽ താനില്ലെന്ന സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പ്രസ്താവന സുധാകരനെ ചൊടിപ്പിച്ചു. താൻ ഇതുവരെ മറ്റൊരു പാർട്ടിയിലും ചേർന്നിട്ടില്ലെന്ന പ്രാഥമിക വിവരം പോലും ബേബിക്ക് എന്തുകൊണ്ടാണ് മനസ്സിലാകാത്തതെന്ന് അദ്ദേഹം ചോദിച്ചു. പറയുന്നത് എന്താണെന്നോ ആരോടാണെന്നോ അറിയാതെയാണ് ബേബി സംസാരിക്കുന്നത്. പാർട്ടിയുടെ ഇപ്പോഴത്തെ അധപതനത്തിന്റെ തെളിവാണ് ബേബിയുടെ വാക്കുകളെന്നും, അടുത്തിടെ നടന്ന പ്ലീനത്തിന്റെ ഗുണഫലം എന്താണെന്ന് ബേബിയുടെ വർത്തമാനത്തിൽ നിന്ന് വ്യക്തമാണെന്നും സുധാകരൻ പരിഹസിച്ചു. വർഗ്ഗം എന്താണെന്ന് അറിയാത്തവരാണ് ഇന്ന് പാർട്ടി പോളിറ്റ് ബ്യൂറോയിൽ വരെയുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ സ്ഥാനത്തുനിന്ന് മാറ്റുകയായിരുന്നു വേണ്ടതെന്ന് സുധാകരൻ തുറന്നടിച്ചു. പരാജയങ്ങളിൽ ഗോവിന്ദൻ മാത്രമാണോ സമാധാനം പറയേണ്ടത്? തലയ്ക്ക് ഒരു അടി കൊടുത്തിട്ട് ‘അവിടെ ഇരിക്ക്’ എന്ന് പറയുന്നതുപോലെയാണ് ഇപ്പോൾ പാർട്ടിയുടെ അവസ്ഥ. ജി. സുധാകരനെ ചീത്ത വിളിച്ചാൽ കേന്ദ്ര കമ്മിറ്റിയിലും പി.ബിയിലും എത്താമെന്ന് വിചാരിക്കുന്ന ചില തരംതാണ ആളുകളാണ് ഇന്ന് പാർട്ടിയിലുള്ളതെന്നും അദ്ദേഹം ആക്ഷേപിച്ചു.
പിണറായി വിജയനെതിരെയും സുധാകരൻ കടുത്ത അമർഷം രേഖപ്പെടുത്തി. 2020-ന് ശേഷം പിണറായി വിജയൻ തന്നോട് ഒരു മര്യാദയും കാണിച്ചിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. പാർട്ടിയിൽ ‘പൊളിറ്റിക്കൽ ക്രിമിനലുകൾ’ പിടിമുറുക്കിയ ശേഷമാണ് ഈ മാറ്റമുണ്ടായത്. എങ്കിലും പിണറായി വിജയനെ കല്ലെറിയാൻ താൻ മുതിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജൻസിയായ ഇ.ഡി (ED) യെ തള്ളിപ്പറയാൻ താനില്ലെന്നും, നിയമം അതിന്റെ വഴിക്ക് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലെ സി.പി.എം നേതാക്കൾ തന്റെ പിതാവിനെക്കുറിച്ച് വരെ മോശമായി സംസാരിച്ചതിലുള്ള കടുത്ത വേദനയും സുധാകരൻ പങ്കുവെച്ചു. “എനിക്ക് ഒരു അച്ഛനേ ഉള്ളൂ. ഒരുപാട് അച്ഛന്മാർ ഉള്ളവരായിരിക്കാം അങ്ങനെയൊക്കെ പറയുന്നത്,” എന്ന് സുധാകരൻ പ്രതികരിച്ചു. ഇങ്ങനെയുള്ള മോശം ആളുകളെ നയിക്കുന്ന എം.എ. ബേബിക്ക് തന്നെ വിമർശിക്കാൻ എന്ത് അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
‘Left the party because I was left with no other choice; G. Sudhakaran against the CPM leadership.













