
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കള്ളക്കഥകൾ നിർമ്മിക്കുകയാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത്തരം രാഷ്ട്രീയ പ്രേരിതമായ കള്ളക്കഥകൾ ഒന്നുംതന്നെ കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കേന്ദ്ര ഏജൻസികളുടെ നടപടികളിൽ കോൺഗ്രസ് സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നിലപാടാണെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. ഡൽഹിയിൽ കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു എന്ന് ആരോപിക്കുന്ന കോൺഗ്രസ്, കേരളത്തിൽ എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. ഈ വിഷയത്തിൽ കോൺഗ്രസിന് ബി.ജെ.പിയുമായി എന്തെങ്കിലും രാഷ്ട്രീയ ഡീൽ രൂപപ്പെടുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“കൽതുറങ്കിൽ കിടന്നും നിരന്തരം പോരാടിയുമാണ് ഈ പാർട്ടി വളർന്നുവന്നത്. അതുകൊണ്ടുതന്നെ ഓലപ്പാമ്പ് കാട്ടി ആരും ഭയപ്പെടുത്തേണ്ട. അത്തരം ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങാൻ പാർട്ടിയെ കിട്ടില്ല,”- എം.വി. ഗോവിന്ദൻ ശക്തമായ ഭാഷയിൽ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ തകർക്കാനുള്ള നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ED is fabricating false stories against Pinarayi and Riyaz; Says MV Govindan















