ലഹരിവേട്ടയിൽ മുൻ സർക്കാരിനെയുള്ള രമേശ് ചെന്നിത്തലയുടെ വിമര്‍ശനം; കണക്ക് നിരത്തി മറുപടിയുമായി പിണറായി വിജയൻ

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പത്ത് വര്‍ഷം ഭരിച്ചിട്ട് 500 ഗ്രാം എംഡിഎംഎ പോലും പിടിക്കാന്‍ കഴിഞ്ഞില്ലെന്ന മുന്‍ സര്‍ക്കാരിനെതിരായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിനാണ് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തെത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോടെങ്കിലും ചോദിച്ചിരുന്നെങ്കില്‍ എല്‍ഡിഎഫ് കാലത്തെ മയക്കുമരുന്ന് വേട്ടയെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞേനെ എന്ന് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

2024 ജൂലൈയില്‍ തൃശൂരില്‍ 2.4 കിലോ എംഡിഎംഎ പിടികൂടിയിരുന്നു. ഉറവിടം തേടിയെത്തിയ കേരള പൊലീസ് ഹൈദരാബാദില്‍ സിനിമാ നിര്‍മാതാവ് നടത്തി വന്ന അന്താരാഷ്ട്ര ലഹരിനിര്‍മ്മാണ ലാബ് കണ്ടെത്തി പൂട്ടിച്ചുവെന്നും രേവന്ത് റെഡ്ഡിക്ക് സാധിക്കാത്ത കാര്യമാണ് കേരള പൊലീസ് അവിടെ നടപ്പിലാക്കിയതെന്നും പിണറായി വിജയൻ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

“10 വർഷം ഭരിച്ചിട്ട് 500 ഗ്രാം എംഡിഎംഎ പോലും പിടിക്കാൻ കഴിഞ്ഞില്ല” എന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന കണ്ടു. കുറഞ്ഞപക്ഷം തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ രേവന്ത്‌ റെഡ്‌ഡിയോടെങ്കിലും ചോദിച്ചിരുന്നെങ്കിൽ ആഭ്യന്തര മന്ത്രിക്ക് എൽഡിഎഫ് സർക്കാരിന്റെ കാലത്തെ മയക്കുമരുന്നുവേട്ടയെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞേനെ.

2024 ജൂലൈയിൽ തൃശൂരിൽ പിടികൂടിയ 2.4 കിലോ എംഡിഎംഎയുടെ ഉറവിടം തേടിയെത്തിയ കേരള പൊലീസ്, ഹൈദരാബാദ് കുക്കട്പള്ളിയിൽ സിനിമാ നിർമ്മാതാവ് നടത്തിവന്ന അന്താരാഷ്ട്ര ലഹരിനിർമ്മാണ ലാബ് കണ്ടെത്തി പൂട്ടിച്ചു. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ രാസവസ്തുക്കളും പിടിച്ചെടുത്തു. സംസ്ഥാനം ഭരിക്കുന്ന രേവന്ത് റെഡ്ഡിക്ക് സാധിക്കാത്ത കാര്യമാണ് കേരള പൊലീസ് അവിടെ നടപ്പിലാക്കിയത്.

എൽഡിഎഫ് സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു എന്ന് പാർലമെന്റിലെ കേന്ദ്രസർക്കാർ രേഖകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. 2025 ഫെബ്രുവരി 3 ന് ലോക്സഭയിൽ കേന്ദ്ര ധനമന്ത്രി നൽകിയ മറുപടി പ്രകാരം, 2022 മുതൽ മയക്കുമരുന്നിനെതിരെ ഏറ്റവും ശക്തമായ നടപടിയെടുക്കുന്നത് കേരളമാണ്. ലഹരിക്കേസുകളിൽ രണ്ടാമതുള്ള സംസ്ഥാനത്തേക്കാൾ മൂന്നിരട്ടി അറസ്റ്റുകളാണ് കേരളത്തിൽ നടന്നത്.

മയക്കുമരുന്ന് ഉപയോഗത്തിൽ വളരെ പിന്നിലാണെങ്കിലും, ലഹരിവ്യാപനം തടയുന്നതിൽ കേരളത്തിന്റെ പ്രതിരോധം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഈ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. 2022 ഡിസംബർ 22 ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ നൽകിയ മറുപടി പ്രകാരം, കേരളത്തിൽ എൻഡിപിഎസ് കേസുകളിലെ ശിക്ഷാ നിരക്ക് 98 ശതമാനത്തിലേറെയായിരുന്നു. ദേശീയ ശരാശരി 78 ശതമാനമായപ്പോഴാണ് കേരളം അന്ന് ഈ നേട്ടം കൈവരിച്ചത്. തെലങ്കാനയിൽ ഇത് 25 ശതമാനം മാത്രമായിരുന്നു.

2021 മുതൽ 2025 വരെ കേരള പോലീസ് മാത്രം 1,26,855 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തു. കണിശമായ നിരീക്ഷണവും ‘ഓപ്പറേഷൻ ഡി-ഹണ്ട്’ പോലുള്ള ശക്തമായ ഇടപെടലുകളുമാണ് കേസ് രജിസ്ട്രേഷനിൽ 538% വർധനവുണ്ടാക്കിയത്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് എക്സൈസ് വകുപ്പ് 41,946 എൻഡിപിഎസ് കേസുകളും 4,18,403 COTPA കേസുകളും കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് വകുപ്പ് മന്ത്രി എം ലിജു 2026 ജൂൺ 23 ന് യുആർ പ്രദീപ്‌ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകിയത്. 17,587.4335 കിലോ ഗ്രാം കഞ്ചാവ്, 33,419.996 ഗ്രാം എംഡിഎംഎ, 65,943.8254 ഗ്രാം ഹാഷിഷ്, 1,60,597.093 കിലോ ഗ്രാം COTPA ഉല്പന്നങ്ങൾ എന്നിവ അഞ്ചു വർഷം കൊണ്ട് എക്സൈസ് പിടിച്ചെടുത്തതിന്റെ കണക്കും മന്ത്രി ഇതേ ചോദ്യത്തിന് മറുപടിയായി നൽകിയിട്ടുണ്ട്.

2023 ൽ ആൻഡമാൻ നിക്കോബാറിൽ നിന്ന് കേരള എക്സൈസ് വകുപ്പ് 80 കിലോ എംഡിഎംഎ പിടികൂടിയതും 2018 ലെ കൊച്ചിയിലെ 5 കിലോ എംഡിഎംഎ വേട്ടയും 2022-2025 കാലത്തെ ഓപ്പറേഷൻ ഡി-ഹണ്ട് ഉൾപ്പെടെയുള്ള എക്സൈസിന്റെ വൻ ലഹരിപിടിത്തങ്ങളും എൽഡിഎഫ് സർക്കാരിന്റെ ശക്തമായ ഇടപെടലുകളാണ് വ്യക്തമാക്കുന്നത്. ഈ മാതൃകാപരമായ നേട്ടങ്ങളെയാണ് നിലവിലെ ആഭ്യന്തര മന്ത്രി വിലകുറഞ്ഞ രീതിയിൽ വിമർശിക്കുന്നത്.

ഓപ്പറേഷൻ തൂഫാൻ മയക്കുമരുന്നുവേട്ടയെ പ്രതിപക്ഷം ഒരിക്കലും എതിർത്തിട്ടില്ല. പൂർണ്ണ പിന്തുണയാണ് നൽകിയത്. എന്നാൽ, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ പ്രതിയായ അന്താരാഷ്ട്ര എംഡിഎംഎ കേസ് അട്ടിമറിക്കാനുള്ള ഉന്നതതല ശ്രമങ്ങളെയാണ് ഞങ്ങൾ ചോദ്യം ചെയ്തത്. കാസർഗോഡ് കേസിൽ ശാസ്ത്രീയ തെളിവെടുപ്പുകൾ നിർത്തിവയ്ക്കാൻ പൊലീസിന് മേൽ സമ്മർദ്ദമുണ്ടായി. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ കോടതിയിൽ ഹാജരാക്കാനോ ബംഗളൂരുവിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്താനോ തയ്യാറായില്ല.

സ്വന്തം ആളുകൾ കുടുങ്ങിയപ്പോൾ അന്വേഷണം അട്ടിമറിച്ചവരാണ് ഇപ്പോൾ ‘ഓപ്പറേഷൻ തൂഫാ’ന്റെ പേരിൽ പി.ആർ. മഹാമഹം തീർക്കുന്നത്. ഈ കാപട്യം തുറന്നുകാട്ടുമ്പോൾ അത് മയക്കുമരുന്നു വേട്ടക്കെതിരെയുള്ള ആക്ഷേപമാക്കി ചിത്രീകരിച്ച് യഥാർത്ഥ വിഷയത്തിൽ നിന്ന് ഒളിച്ചോടാനാണ് ആഭ്യന്തര വകുപ്പും മന്ത്രിയും ശ്രമിക്കുന്നത്.

കാസർഗോഡ് കേസിൽ ആഭ്യന്തര വകുപ്പിന് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്ന സമ്മർദ്ദവും മന്ത്രിയുടെ നിസ്സഹായാവസ്ഥയുമാണ് ഇത് വ്യക്തമാക്കുന്നത്. ആഭ്യന്തര മന്ത്രി വസ്തുതകൾ പരിശോധിച്ച് ഉത്തരവാദിത്വ ബോധത്തോടെ സംസാരിക്കും എന്ന് പ്രത്യാശിക്കുന്നു.

Ramesh Chennithala criticizes the previous government over anti-drug operations; Pinarayi Vijayan responds by presenting statistics.

More Stories from this section

family-dental
witywide