ട്രംപിൻ്റെ ഭൂപടത്തെച്ചൊല്ലി നിയമയുദ്ധം; മിസോറി കോൺഗ്രസ് തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ, പ്രതിസന്ധിയിലായി വോട്ടർമാർ

ജെഫേഴ്സൺ സിറ്റി, മിസോറി: നവംബറിലെ അമേരിക്കൻ കോൺഗ്രസ് തിരഞ്ഞെടുപ്പിന് എട്ട് ആഴ്ച മാത്രം ബാക്കിനിൽക്കെ, മിസോറിയിലെ മണ്ഡല പുനർനിർണയത്തെ (Redistricting) ചൊല്ലി രണ്ട് കോടതികളുടെ വ്യത്യസ്ത ഉത്തരവുകൾ പുറത്തുവന്നത് വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചു.

പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പിന്തുണയ്ക്കുന്ന പുതിയ മാപ്പിന് പകരം പഴയ മണ്ഡല അതിർത്തികൾ തന്നെ ഉപയോഗിക്കണമെന്ന മിസോറി സുപ്രീം കോടതിയുടെ തീരുമാനം യു.എസ്. സുപ്രീം കോടതി ചൊവ്വാഴ്ച നിലനിർത്തിയിരുന്നു. എന്നാൽ ഇതിന് തൊട്ടുപിന്നാലെ, പഴയ മാപ്പ് ഉപയോഗിക്കുന്നത് താൽക്കാലികമായി തടഞ്ഞുകൊണ്ട് യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജ് സ്റ്റീഫൻ ക്ലർക്ക് പുതിയ ഉത്തരവിറക്കി. പുതിയ റിപ്പബ്ലിക്കൻ മാപ്പ് തന്നെ നിലനിർത്തണമെന്നാണ് ഫെഡറൽ ജഡ്ജിയുടെ വിധി.

തിെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്ന് ജഡ്ജ് ക്ലർക്ക് നിരീക്ഷിച്ചെങ്കിലും, ഫെഡറൽ കോടതി വിധിക്ക് എതിരെ എതിർവിഭാഗങ്ങൾ അപ്പീൽ നൽകിയിട്ടുണ്ട്.

ട്രംപ് പിന്തുണച്ച പുതിയ മാപ്പിനെതിരെ പതിനായിരക്കണക്കിന് ജനങ്ങൾ ഒപ്പിട്ട ഹർജി നൽകിയതിനെത്തുടർന്നാണ് സംസ്ഥാന സുപ്രീം കോടതി പഴയ മാപ്പിലേക്ക് തിരിച്ചുപോകാൻ ഉത്തരവിട്ടതും വിഷയത്തിൽ നവംബറിൽ റഫറണ്ടം പ്രഖ്യാപിച്ചതും.

ഡെമോക്രാറ്റിക് പാർട്ടിയുടെ ഇമ്മാനുവൽ ക്ലീവർ പ്രതിനിധീകരിക്കുന്ന കൻസാസ് സിറ്റിയിലെ അഞ്ചാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിനെ കേന്ദ്രീകരിച്ചാണ് പുതിയ മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇത് റിപ്പബ്ലിക്കൻ പാർട്ടിക്ക് കൂടുതൽ നേട്ടമുണ്ടാക്കുന്ന രീതിയിലാണ് തിരുത്തിയെഴുതിയതെന്നാണ് പ്രധാന ആരോപണം. ഓഗസ്റ്റിലെ പ്രൈമറി തിരഞ്ഞെടുപ്പിൽ പുതിയ മാപ്പാണ് ഉപയോഗിച്ചതെങ്കിലും, വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വോട്ടർമാർ ഏത് മണ്ഡലത്തിലാണ് വോട്ട് ചെയ്യേണ്ടതെന്ന കാര്യത്തിൽ ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

Legal battle over Trump’s map; Missouri congressional elections in uncertainty, Missouri voters in crisis