ഇന്ത്യയിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ പരസ്യങ്ങൾ പ്രദർശിപ്പിച്ച് മെറ്റ; ഉത്തരവിന് ശേഷവും ലംഘനമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ അടങ്ങിയ പണമടച്ചുള്ള പരസ്യങ്ങൾ മെറ്റ വീണ്ടും പ്രദർശിപ്പിക്കുന്നതായി റിപ്പോർട്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് ട്രാൻസ്പരൻസി പ്രോജക്റ്റ് (ടിടിപി) പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിലാണ് പ്രമുഖ ടെക് ഭീമനായ മെറ്റയ്‌ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളുള്ളത്.

കഴിഞ്ഞ 10 മാസത്തിനിടെ കൃത്രിമബുദ്ധി (എഐ) ഉപയോഗിച്ച് നിർമ്മിച്ച നൂറുകണക്കിന് വ്യാജ ലൈംഗിക പരസ്യങ്ങളാണ് മെറ്റ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിച്ചത്. ആഗോളതലത്തിൽ കണ്ടെത്തിയ 332 നിയമവിരുദ്ധ പരസ്യങ്ങളിൽ 84 എണ്ണവും പ്രത്യക്ഷപ്പെട്ടത് ഇന്ത്യയിലാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഇത്തരം ഉള്ളടക്കങ്ങളും പരസ്യങ്ങളും ഉടൻ നീക്കം ചെയ്യണമെന്ന് രണ്ട് മാസം മുൻപ് കേന്ദ്ര സർക്കാർ മെറ്റയോട് ഔദ്യോഗികമായി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിനും മെറ്റ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകൾക്കും ശേഷവും 78-ഓളം നിയമവിരുദ്ധ പരസ്യങ്ങൾ ഇന്ത്യയിൽ വീണ്ടും പ്രദർശിപ്പിക്കപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

യഥാർത്ഥ കുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തിയാണ് ഇത്തരം പരസ്യങ്ങൾ നിർമ്മിക്കുന്നത്. ഉപയോക്താക്കളെ മറ്റ് ലൈംഗിക ഉള്ളടക്കങ്ങൾ നിർമ്മിക്കുന്ന തേർഡ് പാർട്ടി ആപ്പുകളിലേക്ക് നയിക്കാനാണ് ഈ പരസ്യങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്. ലഭിച്ച 84 പരസ്യങ്ങളിൽ 55 എണ്ണത്തിനെതിരെ മെറ്റയുടെ ഔദ്യോഗിക റിപ്പോർട്ടിംഗ് സിസ്റ്റം വഴി ടിടിപി പരാതി നൽകിയിരുന്നു. എന്നാൽ ഇവയിൽ 43 പരസ്യങ്ങളും “കമ്പനിയുടെ പരസ്യ നയങ്ങൾക്ക് എതിരല്ല” എന്ന മറുപടിയോടെ മെറ്റ നിലനിർത്തുകയാണ് ചെയ്തത്. പിന്നീട് മാധ്യമങ്ങളും ഗവേഷകരും ഔദ്യോഗികമായി വിഷയം ചോദ്യം ചെയ്തതോടെയാണ് മെറ്റ ബന്ധപ്പെട്ട അക്കൗണ്ടുകൾ നീക്കം ചെയ്യാൻ തയ്യാറായത്.

എന്നാൽ കുട്ടികൾക്കെതിരായ ചൂഷണത്തിനെതിരെ തങ്ങൾക്ക് കർശന നിലപാടാണുള്ളതെന്നും കുറ്റവാളികൾ തങ്ങളുടെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ പുതിയ വഴികൾ കണ്ടെത്തുന്നതാണെന്നുമാണ് മെറ്റയുടെ വിശദീകരണം.

സംഭവത്തിൽ ഇന്ത്യയിലെ വിവിധ ബാലാവകാശ സമിതികളും സൈബർ പൊലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കടുത്ത കുറ്റകൃത്യമാണ്. പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ കണ്ടെത്തി ഇന്ത്യൻ നിയമ നിർവ്വഹണ ഏജൻസികൾക്ക് വിവരങ്ങൾ കൈമാറാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ‘ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ’ എന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Meta displays child sexual abuse ads in India; Report says it is still in violation despite order