ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ഗൗരവമുള്ളതെന്ന് കോടതി, ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യം തള്ളി കോടതി, മൊത്തം 25 പേർ പിടിയിൽ

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കനത്ത തിരിച്ചടി. കേസിൽ ആദ്യം പിടിയിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്. കേന്ദ്ര ഏജൻസിയിലെ ഉദ്യോഗസ്ഥർക്ക് എതിരെയുണ്ടായ ആക്രമണം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.

പ്രതികൾക്കെതിരെ വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ (പിഡിപിപി) തുടങ്ങിയ ഗുരുതര വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചത്.

അതേസമയം തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിൽ ആറ്റുകാൽ മുൻ കൗൺസിലർ ഉണ്ണികൃഷ്ണൻ ഉൾപ്പെടെ ആറു പ്രതികൾ കൂടി ഇന്നലെ രാത്രി അറസ്റ്റിലായിട്ടുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 25 ആയി ഉയർന്നു. കേസിൽ ഇനിയും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. അതിനിടെ, പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് മുൻപ് തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ED team attack case: Court rejects bail pleas of five accused, total arrests reach 25

More Stories from this section

family-dental
witywide