ഇന്തോനേഷ്യയിലെ നിബിഡ വനത്തിൽ ഹെലികോപ്റ്റർ തകർന്ന് എട്ടു മരണം; മൃതദേഹങ്ങൾ പുറത്തെടുക്കാൻ ശ്രമം തുടരുന്നു

ജക്കാർത്ത: ഇന്തോനേഷ്യയിലെ വെസ്റ്റ് കലിമന്തൻ പ്രവിശ്യയിൽ ഹെലികോപ്റ്റർ തകർന്ന് എട്ടുപേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ നടന്ന അപകടത്തിൽ ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് എല്ലാവരും കൊല്ലപ്പെട്ട വിവരം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മാത്യു എയർ നുസന്താര എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള എയർബസ് എച്ച് 130 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

മെലാവിയിലെ പ്ലാന്റേഷൻ മേഖലയിൽ നിന്ന് പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. കുത്തനെയുള്ള കുന്നുകളും നിബിഡ വനവുമുള്ള സെക്കാടൗ റീജൻസിയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഹെലികോപ്റ്ററിൻ്റെ വാല് ഭാഗമെന്ന് കരുതുന്ന അവശിഷ്ടങ്ങൾ ബന്ധം നഷ്ടപ്പെട്ട സ്ഥലത്തുനിന്ന് മൂന്ന് കിലോമീറ്റർ അകലെ കണ്ടെത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയും മോശം കാഴ്ചപരിധിയും കാരണം വ്യാഴാഴ്ച രാത്രി നിർത്തിവെച്ച രക്ഷാപ്രവർത്തനം വെള്ളിയാഴ്ച പുലർച്ചെ പുനരാരംഭിച്ചിട്ടുണ്ട്.

സൈന്യവും പൊലീസും രക്ഷാപ്രവർത്തകരും കരമാർഗ്ഗം അപകടസ്ഥലത്തേക്ക് എത്താനുള്ള ശ്രമത്തിലാണ്. മൃതദേഹങ്ങൾ പുറത്തെടുക്കാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ഉള്ള നടപടികൾ പുരോഗമിക്കുന്നു. ഇന്തോനേഷ്യൻ പാം ഓയിൽ കമ്പനിയായ ‘ചിത്ര മഹ്‌കോട്ട’യുടെ ഉടമസ്ഥതയിലുള്ള പ്ലാന്റേഷൻ പ്രദേശത്താണ് അപകടമുണ്ടായതെന്ന് ഇന്തോനേഷ്യൻ റെസ്ക്യൂ ഏജൻസി തലവൻ മുഹമ്മദ് ഷാഫി അറിയിച്ചു. അപകടകാരണം കണ്ടെത്താൻ ഇന്തോനേഷ്യൻ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി കമ്മിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eight dead in helicopter crash in dense Indonesian forest; efforts continue to recover bodies

More Stories from this section

family-dental
witywide