
വാഷിംഗ്ടൺ: മിഷിഗൺ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയിലെ ചരിത്രവിജയത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് അബ്‍ദുൾ എൽ സയീദ്. “ബോക്സിങ് ലെജൻഡ് മുഹമ്മദ് അലി പറഞ്ഞതുപോലെ, ഞങ്ങൾ ലോകത്തെ വിറപ്പിച്ചിരിക്കുന്നു,” എന്നായിരുന്നു വിജയത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ശക്തമായ മത്സരത്തിന് ശേഷം ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖ നേതാക്കളെ ഒപ്പം നിർത്തി, ഐക്യത്തിന്റെ സന്ദേശം ഉയർത്തിക്കാട്ടിയാണ് എൽ സയീദ് വാർത്താസമ്മേളനത്തിൽ സംസാരിച്ചത്.
പ്രൈമറി മത്സരത്തിൽ തന്റെ പ്രധാന എതിരാളിയായിരുന്ന കോൺഗ്രസ് അംഗം ഹേലി സ്റ്റീവൻസുമായി സംസാരിച്ചുവെന്നും, തെരഞ്ഞെടുപ്പ് പോരാട്ടത്തിലെ അഭിപ്രായ വ്യത്യാസങ്ങളേക്കാൾ വലുതാണ് തങ്ങളെ ഒന്നിപ്പിക്കുന്ന ഡെമോക്രാറ്റിക് മൂല്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരത്തിൽ നിന്ന് നേരത്തെ പിന്മാറുകയും ഇപ്പോൾ എൽ സയീദിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത സ്റ്റേറ്റ് സെനറ്റർ മല്ലോറി മക്‌മോറോ, സംസ്ഥാന പാർട്ടി ചെയർമാൻ കർട്ടിസ് ഹെർട്ടൽ എന്നിവരും എൽ സയീദിനൊപ്പം അണിനിരന്നു.
ജനങ്ങൾ ആഗ്രഹിക്കുന്നത് ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത യഥാർത്ഥ പോരാളിയെയാണെന്നും, എൽ സയീദ് അമേരിക്കയുടെ അടുത്ത യുഎസ് സെനറ്ററാകുമെന്നും കർട്ടിസ് ഹെർട്ടൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നീണ്ട വോട്ടെണ്ണലിനൊടുവിൽ ലഭിച്ച ഈ വിജയം ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയൊരു മുന്നേറ്റത്തിന്റെ ആഘോഷമാണെന്ന് മക്‌മോറോ കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന പ്രധാന തെരഞ്ഞെടുപ്പിൽ പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കാനുള്ള ആഹ്വാനത്തോടെയാണ് ഡെമോക്രാറ്റിക് ക്യാമ്പ് പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.













