രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി നിർമലാ സീതാരാമൻ; ഐഡിബിഐ ബാങ്ക് ഞങ്ങൾക്ക് കൈമാറപ്പെട്ടത് മോശം അവസ്ഥയിൽ, പുനരുജ്ജീവിപ്പിച്ചത് മോദി സർക്കാർ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ, കോൺഗ്രസ് സ്ഥാപിച്ച ബാങ്കുകളെ മോദി സർക്കാർ വിറ്റഴിക്കുകയാണെന്ന ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി നിർമലാ സീതാരാമൻ. ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും കോൺഗ്രസ് എങ്ങനെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചുവെന്നത് എല്ലാവർക്കും അറിയാമെന്നും പറഞ്ഞ നിർമല, ചില ഉദാഹരണങ്ങളും എക്‌സിലൂടെ പങ്കുവെച്ചു. രാഹുൽ ഗാന്ധി ഐഡിബിഐ ബാങ്ക് ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഴുതിയ തുറന്ന കത്തിലെ ആരോപണങ്ങൾക്ക് മറുപടിയായിട്ടാണ് നിർമലയുടെ പ്രതികരണം.

ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും സ്വന്തം സ്വകാര്യ സംവിധാനങ്ങളെന്ന പോലെ കോൺഗ്രസ് ഉപയോഗിച്ചതും, മാനദണ്ഡങ്ങൾ മറികടന്നുകൊണ്ട്, തങ്ങളുടെ ഇഷ്ടാനുസരണം വായ്പകൾ അനുവദിക്കാൻ ബാങ്ക് ജീവനക്കാരുടെ മേൽ സമ്മർദ്ദം ചെലുത്തിയതും നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും നിർമല എക്‌സിൽ കുറിച്ചു. 1957 മുതൽ കോൺഗ്രസ് ബാങ്കുകൾക്കുമേൽ സമ്മർദ്ദം ചെലുത്തിയെന്നാരോപിച്ച് ചില ഉദാഹരണങ്ങളും നിർമല പങ്കുവെക്കുകയും ചെയ്‌തു. ഐഡിബിഐ ബാങ്കിന്റെ ഓഹരി വിറ്റഴിക്കലിനെ ന്യായീകരിക്കുകയും ചെയ്തു.

വളരെ മോശമായ അവസ്ഥയിലായിരുന്നു. ഐഡിബിഐ ബാങ്ക് ഞങ്ങൾക്ക് കൈമാറപ്പെട്ടത്. വീഡിയോക്കോൺ, വിൻസം, എബിജി ഷിപ്പ്യാർഡ്, കിങ്ഫിഷർ തുടങ്ങിയ കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള വൻകിട ബിസിനസ് ഗ്രൂപ്പുകൾക്ക് വായ്പ‌ നൽകാൻ ഐഡിബിഐ നിർബന്ധിതരായിരുന്നു. ഇവ തിരിച്ചടയ്ക്കാത്ത വായ്‌പകളായി മാറുകയും, ഐഡിബിഐ ബാങ്കിന് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്‌തു. ഈ വസ്‌തുത ഞങ്ങൾ കണ്ടെത്തിയതാണ്.

തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ പ്രൊഫഷണലിസവും വിവേകപൂർണ്ണമായ സമീപനത്തിലൂടെ ഇടപെടൽ നടത്തിയും 25,000 കോടിയിലധികം രൂപയുടെ മൂലധന നിക്ഷേപം നടത്തി ഐഡിബിഐ ബാങ്കിനെ പുനരുജ്ജീവിപ്പിച്ചു. ഐഡിബിഐ ബാങ്ക് ഇപ്പോൾ അതിൻ്റെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സജ്ജമായിരിക്കുകയാണെന്നും ഐ.ഡി.ബി.ഐ ബാങ്കിന്റെ തന്ത്രപരമായ പുനഃസംഘടനയിൽ എല്ലാ നിയമപരമായ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും നിർമലാ സീതാരാമൻ കുറിപ്പിൽ വ്യക്തമാക്കി.

Nirmala Sitharaman responds to Rahul Gandhi’s allegation; IDBI Bank was handed over to us in a poor state, and it was the Modi government that revived it.

More Stories from this section

family-dental
witywide