
ടെക്സസ്: പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ലയുടെ 2026 രണ്ടാം പാദ സാമ്പത്തിക ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ കമ്പനി ഓഹരികളിൽ തിരിച്ചടി. കമ്പനിയുടെ ലാഭവിഹിതത്തിൽ വൻ കുറവ് രേഖപ്പെടുത്തിയതോടെ മണിക്കൂറുകൾക്കകം ഓഹരി വില 4 ശതമാനത്തോളം ഇടിഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആദ്യമായി കമ്പനിയുടെ ഫ്രീ കാഷ് ഫ്ലോ നെഗറ്റീവ് (-1.1 ബില്യൺ ഡോളര്‍) ആയി മാറിയതാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയത്. ഇലോൺ മസ്ക് കമ്പനിയുടെ മുൻഗണനകൾ നിർമ്മിത ബുദ്ധിയിലേക്കും (എഐ) റോബോട്ടിക്‌സിലേക്കും മാറ്റിയതോടെ ഉയർന്ന നിക്ഷേപ ചെലവുകളാണ് ഇതിന് പ്രധാന കാരണം.
വിപണി പ്രതീക്ഷിച്ച 25.71 ബില്യണ്‍ ഡോളര്‍ മറികടന്ന് 28.24 ബില്യൺ ഡോളര്‍ വരുമാനം ടെസ്‌ല നേടി. പ്രതീക്ഷിച്ച 51 സെന്റിന് പകരം ഓഹരിയൊന്നിന് 33 സെന്റ് മാത്രമാണ് ലാഭം നേടാനായത്. വിപണിയിലെ കടുത്ത മത്സരവും വിലക്കുറവും കാരണം വാഹനങ്ങളുടെ ശരാശരി വരുമാനം 45,345-ഡോളറില്‍ നിന്ന് 42,730 ഡോളറായി കുറഞ്ഞു. ‘ടെസ്‌ല വെറുമൊരു കാർ കമ്പനിയല്ല’, കമ്പനിയെ ഒരു സാധാരണ വാഹന നിർമ്മാതാവായി കാണരുതെന്നും മറിച്ച് എഐ, റോബോട്ടിക്സ് സ്ഥാപനമായി വിലയിരുത്തണമെന്നുമാണ് സി.ഇ.ഒ ഇലോൺ മസ്ക് നിക്ഷേപകരോട് വ്യക്തമാക്കിയത്.
ഡ്രൈവറില്ലാ കാർ സാങ്കേതികവിദ്യ, റോബോടാക്സി, ഹ്യൂമനോയിഡ് റോബോട്ടുകൾ എന്നിവയ്ക്കായി ഈ വർഷം മാത്രം $25 ബില്യണ്‍ ഡോളറിലധികം ചെലവിടാനാണ് ടെസ്‌ല തയ്യാറെടുക്കുന്നത്. നിലവിൽ നെതർലൻഡ്‌സ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ മസ്കിന്റെ എഫ്.എസ്.ഡി സാങ്കേതികവിദ്യയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഈ ഭീമൻ നിക്ഷേപങ്ങൾ എന്നുമുതൽ കമ്പനിക്ക് ലാഭം നൽകിത്തുടങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ഉറ്റുനോക്കുന്നത്.
EV market slump: Tesla shares fall 4%; Musk focuses on robotics and AI












