വിവാദങ്ങൾക്കിടെ നിർണായക തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം, ഫോം 6 ലടക്കം വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ഗ്യാനേഷ് കുമാർ; നിർണായക തീരുമാനങ്ങൾ

വിവാദങ്ങൾ പുകയുന്നതിനിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന യോഗം ചേർന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും പങ്കെടുത്ത യോഗത്തിൽ ഉയർന്ന വിയോജിപ്പുകൾ ചർച്ച ചെയ്യുകയും ചില വിട്ടുവീഴ്ചകൾക്ക് കമ്മീഷൻ തയ്യാറാവുകയും ചെയ്തു. എസ്‌.ഐ.ആറിലെ (SIR) പരാതികൾ പരിശോധിച്ച കമ്മീഷൻ, എസ്‌.ഐ.ആർ. പൂർത്തിയായ സംസ്ഥാനങ്ങളിൽ പുറത്തായ വോട്ടർമാർക്ക് വീണ്ടും അപേക്ഷിക്കാൻ പ്രത്യേക ഡ്രൈവുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. എസ്‌.ഐ.ആറിനൊപ്പമുള്ള ഫോം 6-ൽ മാറ്റമില്ലെങ്കിലും സാധാരണ ഘട്ടങ്ങളിൽ പുതിയ വോട്ടർമാർക്ക് പഴയ ഫോം 6 തന്നെ ഉപയോഗിക്കാം.

കേന്ദ്ര കമ്മീഷന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഇ.സി.ഐ. നെറ്റ് (ECI NET) സംവിധാനത്തിൽ മാറ്റങ്ങൾ വേണമെന്ന ആവശ്യത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഈ സമിതി വിഷയം വിശദമായി പരിശോധിക്കും. കൂടാതെ ദില്ലിയിൽ കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് വലിയ പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ, നോട്ടീസ് ലഭിച്ചവർ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ബി.എൽ.ഓമാർ വീട്ടിലെത്തി ഹിയറിംഗ് നടത്തുമെന്നും വ്യക്തമാക്കി. അത്യാവശ്യമെങ്കിൽ ഓൺലൈൻ ഹിയറിംഗിനും സൗകര്യമൊരുക്കും. പരാതികൾ സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 30 വരെ നീട്ടിയിട്ടുണ്ട്.

ഗോവയിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ 97 പേരിൽ 81 പേരുടെ വീടുകളിലെത്തി ബി.എൽ.ഓമാർ ഫോം ശേഖരിച്ച് ഫയൽ ചെയ്തതായി കമ്മീഷൻ അറിയിച്ചു. പാവപ്പെട്ടവർ, തൊഴിലാളികൾ, തെരുവിൽ കഴിയുന്നവർ എന്നിവർക്കായി പ്രത്യേക ക്യാമ്പുകളും ഹെൽപ്പ് ഡെസ്കുകളും തുറക്കും. എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട് കൈക്കൊണ്ട തീരുമാനങ്ങൾ എല്ലാം തന്നെ ഏകകണ്ഠമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Election Commission Meets Amid Controversies; Gyanesh Kumar Yields to Solve Internal Dissent

More Stories from this section

family-dental
witywide