റഷ്യൻ എണ്ണ ഇറക്കുമതി നിരോധിക്കുന്ന യുഎസ് നിയമത്തെ ചോദ്യം ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2022ൽ മുൻ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെച്ച നിയമം പുനഃപരിശോധിക്കുമെന്ന് ട്രംപ് പറഞ്ഞു. റഷ്യൻ ഡീസൽ ഇറക്കുമതിക്ക് ട്രഷറി വകുപ്പ് ഇളവ് നൽകിയതിനെച്ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെയാണ് പ്രതികരണം. നിയമത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, “അത് മോശം നിയമമാണെന്നാണ് തോന്നുന്നത്. തീർച്ചയായും പരിശോധിക്കും,” എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാൽ നിരോധനം പിൻവലിക്കുമെന്നോ നിയമത്തിൽ മാറ്റം വരുത്തുമെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
ഒക്ടോബർ ഒമ്പതിനാണ് യുഎസ് ട്രഷറി വകുപ്പിന് കീഴിലുള്ള വിദേശ ആസ്തി നിയന്ത്രണ ഓഫിസ് (OFAC) റഷ്യൻ ഡീസൽ ഇടപാടുകൾക്ക് പ്രത്യേക ഇളവ് അനുവദിച്ചത്. റഷ്യൻ ഡീസലിന്റെ വിൽപന, വിതരണം, ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപാടുകൾക്ക് അനുമതി നൽകുന്നതാണ് ജനറൽ ലൈസൻസ് 135. 2027 ഏപ്രിൽ ഏഴ് വരെ ഇളവ് പ്രാബല്യത്തിലുണ്ടാകും. എന്നാൽ റഷ്യയിൽ നിന്നുള്ള എല്ലാ പെട്രോളിയം ഉൽപന്നങ്ങളുടെയും ഇറക്കുമതിക്ക് അനുമതി നൽകുന്നതല്ല ഈ ഉത്തരവ്. 2022 ഏപ്രിൽ എട്ടിന് അംഗീകരിച്ച നിയമപ്രകാരം റഷ്യൻ പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് ഇപ്പോഴും നിരോധനമുണ്ട്.
ഇത് പിൻവലിക്കാൻ റഷ്യ യുക്രെയ്നിൽനിന്ന് സൈന്യത്തെ പിൻവലിക്കുകയും ആക്രമണം അവസാനിപ്പിക്കുകയും വേണം. നാറ്റോ രാജ്യങ്ങൾക്കെതിരായ സൈനിക ഭീഷണി അവസാനിപ്പിക്കുകയും യുക്രെയ്നിന്റെ സ്വയംനിർണയാവകാശം അംഗീകരിക്കുകയും വേണമെന്നതടക്കമുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്. ട്രഷറി വകുപ്പിന്റെ പ്രത്യേക അനുമതി മാത്രം ഈ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയായതായി കണക്കാക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, റഷ്യൻ ഇന്ധന ഇറക്കുമതിക്ക് അനുമതി നൽകിയതിനെതിരെ ന്യൂജേഴ്സി ഗവർണർ മിക്കി ഷെറിൽ രംഗത്തെത്തി. നവംബർ രണ്ടിന് തുറമുഖ, ടെർമിനൽ നടത്തിപ്പുകാർക്ക് അയച്ച കത്തിൽ ട്രംപ് ഭരണകൂടത്തിന്റെ നടപടി ഫെഡറൽ നിയമത്തിന് വിരുദ്ധമാണെന്ന് അവർ ആരോപിച്ചു. റഷ്യൻ ഇന്ധന ഇറക്കുമതി തടയാൻ ലഭ്യമായ എല്ലാ നിയമപരമായ നടപടികളും സ്വീകരിക്കുമെന്നും ഇന്ധന വിതരണം സ്വീകരിക്കരുതെന്ന് വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും ഷെറിൽ വ്യക്തമാക്കി.
Trump questions 2022 Russian oil import ban, says he’ll ‘take a look’ amid diesel controversy











