പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യക്തിപരമായി വലിയ ബഹുമാനവും നല്ല സൗഹൃദവുമാണുള്ളതെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോദ. മോദിയുടെ ലോകവീക്ഷണത്തോടും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടും വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായി അദ്ദേഹവുമായി പ്രശ്നങ്ങളില്ലെന്ന് പിത്രോദ വ്യക്തമാക്കി. ഗുജറാത്തുകാരനായ സുഹൃത്തെന്നാണ് മോദിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഏറെ ഊഷ്മളതയും ദയയും സ്നേഹവും കരുതലും പ്രകടിപ്പിക്കുന്ന വ്യക്തിയാണ് മോദിയെന്നും, താനും ഭാര്യയും അദ്ദേഹത്തെ പലതവണ കണ്ടിട്ടുണ്ടെന്നും പിത്രോദ പറഞ്ഞു. ഒരുമിച്ച് ഭക്ഷണം കഴിക്കാനും തമാശകൾ പറഞ്ഞ് ചിരിക്കാനും കഴിയുന്ന സൗഹൃദമാണ് തങ്ങൾക്കിടയിലുള്ളതെന്നും മോദി നല്ല പ്രഭാഷകനും കഠിനാധ്വാനിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിത്രോദയുടെ പരാമർശത്തിന് പിന്നാലെ എക്സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആശംസകൾ നേർന്നു. ‘സാം ഭായ്, അഞ്ജന ബെന്നിനും താങ്കൾക്കും ദീപാവലിയുടെയും പുതുവർഷത്തിന്റെയും ആശംസകൾ. സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു വർഷത്തിനായി പ്രാർഥിക്കുന്നു. ജയ് ജഗന്നാഥ്!’ എന്നായിരുന്നു മോദിയുടെ കുറിപ്പ്.
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തിനെതിരെ ബി.ജെ.പി നടത്തിയ വിമർശനങ്ങളോട് പിത്രോദ പ്രതികരിച്ചതിന് പിന്നാലെയാണ് ഈ പുതിയ തുറന്നുപറച്ചിൽ. സ്നേഹവും ധൈര്യവും പ്രതിബദ്ധതയും ദൃഢവിശ്വാസവും വ്യക്തിത്വവും നിറഞ്ഞ പുസ്തകമാണിതെന്ന് പിത്രോദ വിശേഷിപ്പിച്ചു. മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ വ്യത്യസ്തമായതിനാൽ വിമർശനങ്ങളുണ്ടാവുന്നത് സ്വാഭാവികമാണെങ്കിലും, ഒരാളെഴുതിയ പുസ്തകത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുൻപ് വിശാലമനസ്കത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
1975-ലെ അടിയന്തരാവസ്ഥയെ ന്യായീകരിക്കാനും 1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ ഭർത്താവ് രാജീവ് ഗാന്ധിക്ക് കുറ്റവിമുക്തി നൽകാനുമാണ് സോണിയ ഗാന്ധി ഓർമക്കുറിപ്പിലൂടെ ശ്രമിക്കുന്നതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. ഇതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ഇന്ത്യ സഖ്യത്തിനും വിദേശത്തുനിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങളും നേരത്തെ പിത്രോദ തള്ളിയിരുന്നു.
Modi is a Friend, We Share Meals Together: Sam Pitroda; PM Responds with Diwali Wishes Calling Him ‘Sam Bhai’











