കാൻസറിനെതിരായ തന്റെ പോരാട്ടത്തെക്കുറിച്ചും രോഗവിവരം പരസ്യമാക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും വെളിപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. 2025 മേയിലാണ് തനിക്ക് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചതെന്നും ആ വർഷം ഒക്ടോബറിൽ തന്നെ ചികിത്സ പൂർത്തിയായെന്നും പീപ്പിൾ മാഗസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക പദവിയിലിരിക്കെ രോഗവിവരം മറച്ചുവെക്കാൻ താൽപര്യപ്പെട്ടില്ലെന്നും ദേശീയ നേതാക്കൾ ഇത്തരം കാര്യങ്ങളിൽ സുതാര്യത പാലിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. പല അമേരിക്കക്കാരും കടന്നുപോകുന്ന അതേ അവസ്ഥയിലൂടെയാണ് താനും കടന്നുപോകുന്നതെന്ന് പൊതുസമൂഹം തിരിച്ചറിയണമെന്ന നിർബന്ധമുണ്ടായിരുന്നതായും ബൈഡൻ കൂട്ടിച്ചേർത്തു.
രോഗവിവരത്തെക്കുറിച്ച് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ രണ്ടാംഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിന് താൻ മുതിരില്ലായിരുന്നുവെന്നും ബൈഡൻ തുറന്നുപറഞ്ഞു. കാൻസർ ബാധിതനായ ഒരു എൺപതുകാരൻ പ്രസിഡന്റാവാൻ മത്സരിക്കരുതെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂത്രാശയ സംബന്ധമായ അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർ പ്രോസ്റ്റേറ്റിൽ മുഴ കണ്ടെത്തിയതും രോഗനിർണയം നടത്തിയതും.
അതേസമയം, കാൻസറിനോടുള്ള ജോ ബൈഡന്റെ പോരാട്ടം കഠിനമാണെന്നും അത് കണ്ടുനിൽക്കാൻ പ്രയാസമാണെന്നും മകൻ ഹണ്ടർ ബൈഡൻ അടുത്തിടെ ബിബിസിയോട് വെളിപ്പെടുത്തിയിരുന്നു. കാൻസർ അസ്ഥികൾ ഉൾപ്പെടെ ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലേക്കും പടർന്നതായും അതൊരു വേദനാജനകമായ കാഴ്ചയാണെന്നും ഹണ്ടർ ബൈഡൻ പറഞ്ഞിരുന്നു.
Wanted to Be Transparent About Illness, Important for Leaders to Share: Joe Biden on Cancer Battle











