റഷ്യക്കും കൊടുക്കില്ല, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം യുഎസ് തന്നെ നശിപ്പിക്കും; പ്ലാൻ വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തന്റെ സുപ്രധാന പദ്ധതികൾ വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആണവ ശേഖരം ഒന്നുകിൽ അമേരിക്കയിലേക്ക് മാറ്റുമെന്നും, അല്ലെങ്കിൽ ഇറാനിൽ വെച്ചുതന്നെ നേരിട്ടോ മറ്റ് അനുയോജ്യമായ സ്ഥലങ്ങളിലോ വെച്ച് നശിപ്പിക്കുമെന്നും ട്രംപ് അറിയിച്ചു. തിങ്കളാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇക്കാര്യം പരസ്യമാക്കിയത്.

ഇറാന്റെ ആണവ ശേഖരം ഉടനടി അമേരിക്കയ്ക്ക് കൈമാറി അവിടെയെത്തിച്ച് നശിപ്പിക്കുകയോ, അല്ലെങ്കിൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പൂർണ്ണ സഹകരണത്തോടെയും ഏകോപനത്തോടെയും ഇറാനിലോ മറ്റ് സുരക്ഷിതമായ സ്ഥലങ്ങളിലോ വെച്ച് നശിപ്പിക്കുകയോ ചെയ്യുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഈ പ്രക്രിയയ്ക്ക് ആറ്റോമിക് എനർജി കമ്മീഷൻ അല്ലെങ്കിൽ അതിന് തുല്യമായ അന്താരാഷ്ട്ര ഏജൻസികൾ സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം തിരിച്ചുപിടിക്കുന്ന കാര്യത്തിൽ അമേരിക്ക യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് കഴിഞ്ഞ ആഴ്ച ഓവൽ ഓഫീസിൽ വെച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നുവെങ്കിലും, പുതിയ പ്രസ്താവനയിലൂടെ യുറേനിയം നശിപ്പിക്കുന്ന പ്രക്രിയയിൽ ടെഹ്‌റാനെക്കൂടി പങ്കാളിയാക്കാൻ വാഷിംഗ്ടൺ തയ്യാറാണെന്ന സൂചനയാണ് നൽകുന്നത്. യുറേനിയം തങ്ങൾ കൈക്കലാക്കിയ ശേഷം നശിപ്പിക്കുമെന്നും എന്നാൽ അത് ഇറാൻ കൈവശം വെക്കാൻ അനുവദിക്കില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു.

അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള നിർദ്ദിഷ്ട കരാറിന്റെ ഭാഗമായി ഇറാന് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ അവരുടെ കൈവശമുള്ള ആയിരം പൗണ്ടോളം വരുന്ന ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം പൂർണ്ണമായും ഇല്ലാതാക്കണമെന്ന് വൈറ്റ് ഹൗസ് നിർബന്ധം പിടിക്കുന്നുണ്ട്. ‘യുറേനിയം പൊടിയില്ലെങ്കിൽ ഡോളറുമില്ല’ എന്ന നിലപാടിലാണ് നിലവിൽ അമേരിക്കൻ ഭരണകൂടം മുന്നോട്ട് പോകുന്നത്.

More Stories from this section

family-dental
witywide