മുട്ടിൽ മരംമുറി വിൽപന കേസിലെ പ്രധാന പ്രതികളായ ആന്റോ അഗസ്റ്റിനും ജോസ്‌കുട്ടി അഗസ്റ്റിനും കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു. മറ്റൊരു പ്രതിയായ റോജി അഗസ്റ്റിൻ കോടതിയിൽ ഹാജരായിരുന്നില്ല. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രതികൾക്കെതിരെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ നേരിട്ടെത്തി കീഴടങ്ങിയത്. കേസ് കൂടുതൽ നടപടികൾക്കായി ഓഗസ്റ്റ് 18-ലേക്ക് മാറ്റിയിട്ടുണ്ട്.
ഈ മാസം ആറിനും പത്തിനും കേസ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി പരിഗണിച്ചെങ്കിലും അഗസ്റ്റിൻ സഹോദരന്മാർ ഹാജരായിരുന്നില്ല. കോടതി ഉത്തരവുകൾ ലംഘിച്ച് തുടർച്ചയായി വിട്ടുനിന്നതോടെയാണ് കടുത്ത നടപടിയെന്നോണം കോടതി ഇവർക്കെതിരെ വാറണ്ട് അയച്ചത്. വാറണ്ട് നിലനിൽക്കെയാണ് രണ്ട് പ്രതികൾ കോടതിയിലെത്തി ജാമ്യം എടുത്തത്.
2021-ലാണ് അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ എറണാകുളം കരിമുകളിലുള്ള മലബാർ ടിമ്പർ ഉടമ എം. എം. അലിയാർ പരാതി നൽകുന്നത്. വയനാട്ടിൽ നിന്ന് അനധികൃതമായി മുറിച്ചെടുത്ത വിലപിടിപ്പുള്ള ഈട്ടിമരങ്ങൾ തനിക്ക് വിറ്റ് വഞ്ചിച്ചുവെന്ന് കാട്ടിയാണ് അലിയാർ നിയമനടപടി സ്വീകരിച്ചത്. ഈ കേസിലാണ് ഇപ്പോൾ ചോറ്റാനിക്കര കോടതിയിൽ തുടർനടപടികൾ പുരോഗമിക്കുന്നത്.
Muttil tree felling case: Anto Augustine and Josekutty Augustine surrender in court, granted bail














