
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന സുപ്രധാന ബിൽ യു.എസ്. ജനപ്രതിനിധി സഭയിൽ ആദ്യ ഘട്ടം കടന്നു. 211-നെതിരെ 214 വോട്ടുകൾക്കാണ് അടിയന്തര പ്രമേയം സഭയിൽ പാസായത്. രണ്ട് ഡെമോക്രാറ്റിക് പ്രതിനിധികൾ റിപ്പബ്ലിക്കൻമാർക്കൊപ്പം മാറ്റി വോട്ട് ചെയ്തതാണ് ബിൽ ആദ്യ കടമ്പ കടക്കാൻ സഹായിച്ചത്. സഭയിൽ ഇന്ന് ബില്ലിന്മേൽ അന്തിമ വോട്ടെടുപ്പ് നടക്കും.
യു.എസ്. ജനപ്രതിനിധി സഭകൂടി ബിൽ പാസാക്കി ഒപ്പുവെക്കുന്നതോടെ, റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ ട്രംപിന് നിയമപരമായ അധികാരം ലഭിക്കും. റഷ്യയെ കൂടാതെ ഇറാന് മേലുള്ള ഉപരോധം നീട്ടുന്നതും ഈ ബില്ലിന്റെ പരിധിയിൽ വരുന്നുണ്ട്. ഇന്ത്യ, ചൈന, തുർക്കി, അസർബൈജാൻ, ഹംഗറി, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് നിലവിൽ റഷ്യയിൽ നിന്ന് പ്രധാനമായും എണ്ണ വാങ്ങുന്നത്. റഷ്യയുടെ യുദ്ധ ധനസഹായം തടയുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കൻ നീക്കം.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിൽ ബിൽ നിയമമായാൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വലിയ തിരിച്ചടിയായേക്കാം. സെനറ്റ് ആഗസ്റ്റിൽ തന്നെ ഈ ബില്ലിന് അംഗീകാരം നൽകിയിരുന്നു. പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് വഴിതുറന്ന ബില്ലിന്മേലുള്ള ഇന്നത്തെ അന്തിമ വോട്ടെടുപ്പ് അന്താരാഷ്ട്ര തലത്തിൽ അതീവ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കപ്പെടുന്നത്.
US House Advances Russia Sanctions Bill Allowing Up to 100% Tariffs on India and Other Energy Buyers











