കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിൽ വീഴ്ച: ബാങ്ക് ഓഫ് അമേരിക്കയ്ക്ക് 10,000 കോടി രൂപ പിഴ

വാഷിംഗ്ടൺ: കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങളും അന്താരാഷ്ട്ര ഉപരോധങ്ങളും ലംഘിച്ചതിന് പ്രമുഖ ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് അമേരിക്കയ്ക്ക് യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് 1.2 ബില്യൺ ഡോളർ (ഏകദേശം 10,000 കോടിയിലധികം ഇന്ത്യൻ രൂപ) പിഴ ചുമത്തി. യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ ചരിത്രത്തിൽ ഒരു ബാങ്കിന് നേരെ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ പിഴയാണിത്.

ചൈനീസ് മണി ലോണ്ടറിംഗ് ശൃംഖലകൾ, തെക്കുപടിഞ്ഞാറൻ അതിർത്തി വഴിയുള്ള അനധികൃത സാമ്പത്തിക ഇടപാടുകൾ എന്നിവ തടയുന്നതിലും സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിലും ബാങ്ക് പരാജയപ്പെട്ടതായി ട്രഷറി ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. 1970-ലെ ‘ബാങ്ക് സിക്രസി ആക്ട്’ ബാങ്ക് ബോധപൂർവ്വം ലംഘിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ ഇറാൻ, റഷ്യ, മയക്കുമരുന്ന് കടത്ത്, ആഗോള ഭീകരവാദം എന്നിവയുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ ലംഘിച്ചതിന് 11.6 മില്യൺ ഡോളറിന്റെ മറ്റൊരു ഒത്തുതീർപ്പും ബാങ്ക് നടത്തിയിട്ടുണ്ട്.

“ഇത്രയും വലിയൊരു ബാങ്ക് അതിന്റെ ഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്തുമ്പോൾ അത് യു.എസ് സാമ്പത്തിക വ്യവസ്ഥയെ മുഴുവൻ ബാധിക്കും. എത്ര വലിയ ധനകാര്യ സ്ഥാപനമായാലും നിയമത്തിന് മുകളിലല്ല എന്ന ശക്തമായ സന്ദേശമാണ് ഈ നടപടി നൽകുന്നത്,” യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിൽ തങ്ങൾക്ക് വീഴ്ച പറ്റിയതായി ബാങ്ക് ഓഫ് അമേരിക്ക സമ്മതിച്ചു. റെഗുലേറ്റർമാർ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും, സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സാങ്കേതികവിദ്യകൾക്കായി ഇതിനകം തന്നെ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്നും ബാങ്ക് വക്താക്കൾ അറിയിച്ചു.
ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിനാൻസ് (4 ബില്യൺ ഡോളർ), ടിഡി ബാങ്ക് (3 ബില്യൺ ഡോളർ) എന്നിവയ്ക്ക് ശേഷം യു.എസ് ചരിത്രത്തിൽ ചുമത്തപ്പെടുന്ന ഏറ്റവും വലിയ പിഴയാണിത്.

Failure to prevent money laundering: Bank of America fined ₹10,000 crore.

More Stories from this section

family-dental
witywide