മുജ്തബ ഖമനേയി കോമയിലെന്ന ആശങ്ക മാറ്റാൻ പുതിയ വീഡിയോ പുറത്തുവിട്ട് ഇറാൻ, പക്ഷേ വ്യക്തതയില്ല; സംശയങ്ങൾ തുടരുന്നു

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള മുജ്തബ ഖമനേയിയുടെ മറ്റൊരു വീഡിയോ കൂടി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാഴ്സ് ന്യൂസ് പുറത്തുവിട്ടു. ഈ മാസം ഇറാൻ പുറത്തുവിടുന്ന രണ്ടാമത്തെ വീഡിയോയാണിത്. ഒരു കൂട്ടം ആളുകൾക്കൊപ്പം പ്രാർഥന നടത്തുകയും തുടർന്ന് മത ചർച്ചകളിൽ ഏർപ്പെടുകയും ചെയ്യുന്ന മുജ്തബ ഖമനേയിയെയാണ് പുതിയ ദൃശ്യങ്ങളിൽ കാണുന്നത്. അദ്ദേഹത്തിന്റെ ശബ്ദം വ്യക്തമായി കേൾക്കാവുന്ന ആദ്യ വീഡിയോ എന്ന പ്രത്യേകത ഇതിനുണ്ടെങ്കിലും, ഇത് അദ്ദേഹം പരമോന്നത പദവിയിലെത്തുന്നതിന് മുൻപുള്ള പഴയ ദൃശ്യങ്ങളാണെന്ന് അൽ അറബിയ്യ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുജ്തബ ഖമനേയിക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും അദ്ദേഹം കോമയിലാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ മാധ്യമങ്ങളും ആവർത്തിക്കുമ്പോൾ, ഭരണനേതൃത്വം സുരക്ഷിതമാണെന്ന് ലോകത്തിന് മുന്നിൽ സ്ഥാപിക്കാനാണ് ടെഹ്‌റാൻ ശ്രമിക്കുന്നത്. എന്നാൽ, ഈ പുറത്തുവിട്ട ദൃശ്യങ്ങളിലൊന്നിലും തീയതിയോ സമയമോ വ്യക്തമല്ലാത്തതിനാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇരട്ടിക്കുകയാണ്. നേരത്തെ ഓഗസ്റ്റ് ആദ്യവാരത്തിൽ മെഹർ ന്യൂസ് ഏജൻസിയും മുജ്തബയുടെ വീഡിയോ പുറത്തുവിട്ടിരുന്നു. ഇസ്രായേലിന്റെ ചാനൽ 14 ഉൾപ്പെടെയുള്ള മാധ്യമങ്ങൾ അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണെന്ന് വാർത്ത നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു ആ നീക്കം. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ തങ്ങൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും അറിയിച്ചെങ്കിലും മുജ്തബ പൊതുസമൂഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെടാത്തത് ദുരൂഹതയായി തുടരുന്നു.

2026 ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയും കുടുംബാംഗങ്ങളും കൊല്ലപ്പെടുന്നത്. തുടർന്ന് പിൻഗാമിയായി മുജ്തബ ഖമനേയി അധികാരമേറ്റെങ്കിലും ഇന്നുവരെ ഒരു പൊതുപരിപാടിയിലോ തത്സമയ ടെലിവിഷൻ പ്രസംഗത്തിലോ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല. ടെലിവിഷനിലൂടെ വായിച്ചു കേൾപ്പിക്കുന്ന പ്രസ്താവനകൾ മാത്രമാണ് അദ്ദേഹത്തിന്റേതായി ഇതുവരെ പുറത്തുവന്നിട്ടുള്ളത്.

ഫെബ്രുവരിയിലെ വ്യോമാക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ട്രംപ് ആവർത്തിച്ച് വാദിക്കുമ്പോൾ, ഭരണകൂടത്തിന് നാഥനില്ലെന്ന പ്രചാരണങ്ങൾക്ക് തടയിടാൻ ഇറാന് അദ്ദേഹത്തിന്റെ സാന്നിധ്യം തെളിയിക്കേണ്ടതുണ്ട്. ഹോർമുസ് കടലിടുക്കിലെ നീക്കങ്ങളും അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന നിർണായക തീരുമാനങ്ങളും എടുക്കുന്നത് മുജ്തബ തന്നെയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ടതും രാജ്യത്തിന്റെ ആവശ്യമാണ്.

Fars News Releases New Video of Mojtaba Khamenei Amid Ongoing Health Rumors

More Stories from this section

family-dental
witywide