എപ്പോൾ, എവിടെ വെച്ച്? പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ അജ്ഞാത തീയതിയിലുള്ള വീഡിയോ പുറത്തുവിട്ട് ഇറാനിയൻ മാധ്യമങ്ങൾ

ടെഹ്‌റാൻ: യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്ന് പുതിയ പരമോന്നത നേതാവായി സ്ഥാനമേറ്റ മുജ്തബ ഖമേനിയുടെ പുതിയ വീഡിയോ ദൃശ്യങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടു. മുൻപ് പൊതുവേദികളിൽ അപൂർവ്വമായി മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന മുജ്തബ ഖമേനി, പ്രധാന രേഖകൾ പരിശോധിക്കുന്നതും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകളിൽ ഏർപ്പെടുന്നതുമായ ദൃശ്യങ്ങളാണ് റോക്ന, മെഹർ എന്നീ വാർത്താ ഏജൻസികൾ പ്രക്ഷേപണം ചെയ്തത്.

എന്നാൽ ഈ വീഡിയോ എപ്പോൾ, എവിടെ വെച്ച് ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ കൃത്യമായ തീയതിയോ വിവരങ്ങളോ ഔദ്യോഗിക വൃത്തങ്ങൾ നൽകിയിട്ടില്ല. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമല്ലെന്നുമുള്ള അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾക്ക് തടയിടാനാണ് ഇറാൻ ഭരണകൂടം ഇത്തരം ആർക്കൈവ് വീഡിയോകൾ പുറത്തുവിടുന്നതെന്നാണ് വിലയിരുത്തൽ.

പിതാവിന്‍റെ സംസ്‌കാര ചടങ്ങുകളിൽ പോലുമുള്ള അദ്ദേഹത്തിന്റെ അഭാവം ആഗോളതലത്തിൽ വലിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. അതേസമയം, സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് പരമോന്നത നേതാവ് നേരിട്ട് പൊതുപരിപാടികളിൽ പങ്കെടുക്കാത്തതെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം. മുജ്തബ ഖമേനിയുടെ വരും ദിവസങ്ങളിലെ സാന്നിധ്യം രാജ്യത്തിന്റെ പ്രതിരോധ നയരൂപീകരണത്തിൽ നിർണായകമാകും.

More Stories from this section

family-dental
witywide