ലക്ഷങ്ങൾ തട്ടിയ ഇന്ത്യ-യുഎസ് വ്യാജ കോൾ സെൻ്റർ മാഫിയയെ എഫ്ബിഐ പൂട്ടി കെട്ടി ; അഞ്ച് ഇന്ത്യക്കാരും രണ്ട് യുഎസ് വ്യവസായികളും പിടിയിൽ

ന്യൂയോർക്ക്: അമേരിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും പ്രായമായ നൂറുകണക്കിന് ആളുകളെ ഭീഷണിപ്പെടുത്തി ദശലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്ത വൻ വ്യാജ ടെക് സപ്പോർട്ട് കോൾ സെൻ്റർ ശൃംഖലയെ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ തകർത്തു. ഇന്ത്യയും അമേരിക്കയും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന തട്ടിപ്പ് സംഘത്തിലെ അഞ്ച് ഇന്ത്യൻ പൗരന്മാരെയും അവർക്ക് ഒത്താശ ചെയ്ത രണ്ട് പ്രമുഖ യുഎസ് ബിസിനസ്സ് എക്സിക്യൂട്ടീവുകളെയും അന്വേഷണസംഘം പിടികൂടി. സാഹിൽ നാരംഗ്, ചിരാഗ് സച്ച്ദേവ, അബ്രാർ അൻജും, മനീഷ് കുമാർ, ജഗ്മീത് സിംഗ് വിർക് എന്നീ ഇന്ത്യൻ പൗരന്മാരാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ പിടിയിലായത്. തട്ടിപ്പുകാർക്ക് സാങ്കേതിക സഹായവും താവളവുമൊരുക്കിയ ഫ്ലോറിഡ സ്വദേശി ആദം യംഗ് (42), ലാസ് വെഗാസ് സ്വദേശി ഹാരിസൺ ഗെവിർട്സ് (33) എന്നീ യുഎസ് വ്യവസായികളും കോടതിയിൽ കുറ്റം സമ്മതിച്ചു. ഇവർക്കുള്ള ശിക്ഷാവിധി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

തട്ടിപ്പിന്റെ രീതി ഇങ്ങനെ

കമ്പ്യൂട്ടർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇരകളുടെ സ്ക്രീനിലേക്ക് ‘നിങ്ങളുടെ കമ്പ്യൂട്ടറിൽ മാരകമായ വൈറസ് ബാധിച്ചിരിക്കുന്നു’ എന്ന വ്യാജ പോപ്പ്-അപ്പ് സന്ദേശം അയച്ചാണ് തട്ടിപ്പിൻ്റെ തുടക്കം. ഈ സന്ദേശത്തോടൊപ്പം നൽകിയിരിക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പറിലേക്ക് വിളിക്കാൻ ഇരകളെ നിർബന്ധിതരാക്കും. ഈ നമ്പറുകൾ റൂട്ട് ചെയ്ത് എത്തിക്കുന്നത് ഇന്ത്യയിലെ വ്യാജ കോൾ സെൻ്ററുകളിലേക്കാണ്. തുടർന്ന് കമ്പ്യൂട്ടർ നന്നാക്കാനെന്ന വ്യാജേന ഇരകളുടെ കമ്പ്യൂട്ടറുകൾ ഇവർ റിമോട്ടായി നിയന്ത്രണത്തിലാക്കുകയും, വ്യക്തിഗത-ബാങ്കിംഗ് വിവരങ്ങൾ ചോർത്തുകയും ചെയ്യും. പ്രശ്നം പരിഹരിക്കാനെന്ന പേരിൽ നൂറുകണക്കിന് ഡോളറാണ് ഇവർ ഓരോരുത്തരില്‍ നിന്നും ഈടാക്കിയിരുന്നത്. പ്രായമായവരും സാങ്കേതികവിദ്യയിൽ അറിവില്ലാത്തവരുമായ വ്യക്തികളാണ് ഇവരുടെ പ്രധാന ഇരകൾ.

‘റിംഗ്ബ’ എന്ന കോൾ ട്രാക്കിംഗ്, ടെലികമ്മ്യൂണിക്കേഷൻ കമ്പനി നടത്തിയിരുന്ന ആദം യംഗും ഹാരിസൺ ഗെവിർട്സും തങ്ങളുടെ കസ്റ്റമേഴ്സ് വൻ തട്ടിപ്പുകാരാണെന്ന് അറിഞ്ഞിട്ടും അവർക്ക് ഫോൺ നമ്പറുകളും കോൾ ഫോർവേഡിംഗ് സൗകര്യങ്ങളും നൽകി സഹായിക്കുകയായിരുന്നു. ഇരകൾ പരാതിപ്പെടുന്നത് എങ്ങനെ ഒഴിവാക്കാമെന്നും, അധികൃതർ അക്കൗണ്ട് റദ്ദാക്കാതിരിക്കാൻ എന്തുചെയ്യണമെന്നും ഇവർ തട്ടിപ്പുകാർക്ക് ഉപദേശം നൽകി. ഇവർക്ക് പുറമേ ടുണീഷ്യയിലും ഇവർ സ്വന്തമായി വ്യാജ കോൾ സെൻ്റർ നടത്തിയിരുന്നതായി എഫ്ബിഐ കണ്ടെത്തി. അമേരിക്കയിൽ മാത്രം കഴിഞ്ഞ വർഷം ടെക് സപ്പോർട്ട് തട്ടിപ്പിലൂടെ 2.1 ബില്യൺ ഡോളറിലധികം (ഏകദേശം 17,000 കോടിയിലധികം രൂപ) ജനങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എഫ്ബിഐ ബോസ്റ്റൺ ഡിവിഷൻ സ്പെഷ്യൽ ഏജൻ്റ് ടെഡ് ഇഡോക്സ് അറിയിച്ചു. ഇത്തരം ക്രിമിനൽ ശൃംഖലകൾക്ക് തുണ നിൽക്കുന്നവർ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

FBI busts India-US fake call center mafia that swindled millions; Five Indians and two US businessmen arrested

More Stories from this section

family-dental
witywide