വാക്കുപാലിക്കാതെ ഇസ്രയേൽ, അമേരിക്കൻ നിലപാട് നിർണായകം; വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ ആക്രമണം, ലെബനനിൽ സംഘർഷം തുടരുന്നു

ബെയ്റൂട്ട്: അമേരിക്കയുടെ മധ്യസ്ഥതയിൽ പുതിയ വെടിനിർത്തൽ കരാർ ഒപ്പുവെച്ച് ദിവസങ്ങൾക്കകം, തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യവും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള പോരാളികളും തമ്മിലുള്ള സായുധ സംഘർഷം വാരാന്ത്യത്തിലും ശക്തമായി തുടരുന്നു. വെള്ളിയാഴ്ച വാഷിംഗ്ടണിൽ വെച്ച് ഇരുവിഭാഗവും ഒപ്പുവെച്ച താൽക്കാലിക കരാറിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോൾ നടക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഞായറാഴ്ച തെക്കൻ ലബനനിലെ നബാതിയ, മെയ്ഫദൂൻ എന്നീ മേഖലകളിലുള്ള മൂന്ന് ‘ഹിസ്ബുള്ള കമാൻഡ് സെന്ററുകൾ’ തങ്ങൾ വ്യോമാക്രമണത്തിലൂടെ തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. കൂടാതെ, ഇസ്രായേൽ സേനയ്ക്ക് നേരെ ആക്രമണം നടത്താൻ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ഒരു മിസൈൽ ലോഞ്ചർ തങ്ങൾ വിജയകരമായി നിർവീര്യമാക്കിയതായും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് പ്രസ്താവനയിലൂടെ അറിയിച്ചു.

എന്നാൽ, തിങ്കളാഴ്ച പുറത്തുവിട്ട പ്രത്യേക പ്രസ്താവനയിലൂടെ ഹിസ്ബുള്ള ഈ വാദങ്ങളെ പൂർണ്ണമായി തള്ളി. ഇസ്രായേൽ സൈന്യം നബാതിയയിലെയും മെയ്ഫദൂനിലെയും ജനവാസമേഖലകളിലെ പാർപ്പിട സമുച്ചയങ്ങൾക്ക് നേരെയാണ് ക്രൂരമായ ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള ആരോപിച്ചു. ഇസ്രായേലിന്റെ ഈ നീക്കങ്ങൾ നിലവിലെ വെടിനിർത്തൽ കരാറിന്റെ പരസ്യമായ ലംഘനമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച വാഷിംഗ്ടണിൽ ഒപ്പുവെച്ച ഈ പുതിയ സമാധാന കരാർ, ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ സമാധാനത്തിലേക്കുള്ള ആദ്യപടിയായാണ് വിലയിരുത്തപ്പെട്ടിരുന്നത്. കരാർ പ്രകാരം തെക്കൻ ലെബനനിലെ രണ്ട് പ്രധാന മേഖലകളിൽ നിന്ന് ഇസ്രായേൽ തങ്ങളുടെ സൈന്യത്തെ പൂർണ്ണമായി പിൻവലിക്കേണ്ടതുണ്ട്. എന്നാൽ, കരാർ ഒപ്പുവെച്ച് കൃത്യം രണ്ട് ദിവസത്തിന് ശേഷം, തെക്കൻ ലെബനനിൽ സൈനിക നടപടികൾ തുടരുന്നതിന് ഇസ്രായേൽ ഭരണകൂടം പച്ചക്കൊടി കാട്ടുകയായിരുന്നു. ഇസ്രായേൽ സൈന്യം ലെബനനിൽ നിന്ന് പൂർണ്ണമായി പിന്മാറിയാൽ മാത്രമേ അമേരിക്കയുമായുള്ള അന്തിമ കരാർ അംഗീകരിക്കൂ എന്ന കർശന നിലപാടിലാണ് ഇറാൻ ഇപ്പോൾ ഉറച്ചുനിൽക്കുന്നത്.

More Stories from this section

family-dental
witywide