
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ യു.എ.ഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ന്യൂഡൽഹിയിലെ ഇറാൻ്റെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹൊസൈനിയെ വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിച്ചുവരുത്തിയാണ് രാജ്യത്തിൻ്റെ ആശങ്കയും ശക്തമായ അമർഷവും അറിയിച്ചത്.
വിദേശകാര്യ മന്ത്രാലയത്തിലെ പാകിസ്താൻ-അഫ്ഗാനിസ്ഥാൻ-ഇറാൻ വിഭാഗം ജോയിൻ്റ് സെക്രട്ടറി ആനന്ദ് പ്രകാശിൻ്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. അന്താരാഷ്ട്ര കപ്പൽച്ചാനലുകളിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ ഒട്ടും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ ഇറാൻ അടിയന്തരമായി ഇടപെടണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
#WATCH | Delhi: Iranian diplomats including Deputy Chief of Mission (DCM) Mohammad Javad Hosseini, who were summoned by Ministry of External Affairs, over recent attack on merchant vessels in Hormuz, leave from MEA
— ANI (@ANI) July 14, 2026
An Indian sailor was killed, six others were wounded in Iranian… pic.twitter.com/BUTEFblCdO
ഒമാൻ സമുദ്രാതിർത്തിയിലുള്ള ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മൊംബാസ, അൽ ബഹിയ എന്നീ യു.എ.ഇ ദേശീയ എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാൻ്റെ ക്രൂയിസ് മിസൈൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ‘മൊംബാസ’ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ ജീവനക്കാരൻ മരണപ്പെടുകയും, മറ്റ് ആറ് ഇന്ത്യൻ നാവികർക്കും രണ്ട് യുക്രൈൻ പൗരന്മാർക്കും പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മിസൈൽ പതിച്ചതിനെ തുടർന്ന് ഇരു കപ്പലുകളിലും വൻ തീപിടുത്തമുണ്ടായതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അബുദാബിയിലെ ഇന്ത്യൻ എംബസി മരണപ്പെട്ട നാവികൻ്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയും, പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ യു.എ.ഇ അധികൃതരുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ പശ്ചിമേഷ്യയിൽ ശക്തമാകുന്നതിനിടയിലാണ് അന്താരാഷ്ട്ര എണ്ണക്കടത്തിൻ്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് വിശേഷിപ്പിച്ച് യു.എ.ഇ കടുത്ത ഭാഷയിൽ അപലപിച്ചു.
Death of Indian sailor: Ministry of External Affairs seeks explanation from Iran; summons diplomat to lodge protest













