“അതൊരു ഇന്ത്യൻ ഭക്ഷണമായിരുന്നു”; കാഷ് പട്ടേലിനെ വംശീയമായി പരിഹസിച്ച് ഫ്ലോറിഡ റിപ്പബ്ലിക്കൻ നേതാവ്, പ്രതിഷേധം

മയാമി: എഫ്‌ബിഐ ഡയറക്ടർ കാഷ് പട്ടേലിനെതിരെ വംശീയ ചുവയുള്ള പരിഹാസവുമായി ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ ഗവർണർ സ്ഥാനാർത്ഥി ജെയിംസ് ഫിഷ്ബാക്ക്. ഒരു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഫിഷ്ബാക്ക് നടത്തിയ സ്റ്റാൻഡ്-അപ്പ് കോമഡി ശൈലിയിലുള്ള പ്രസംഗമാണ് ഇപ്പോൾ രാഷ്ട്രീയ വിവാദമായിരിക്കുന്നത്.

കാഷ് പട്ടേലിനെ ഒരു അന്വേഷണ ഏജൻസിയുടെ തലപ്പത്ത് ഇരുത്തുന്നതിലെ അതൃപ്തിയാണ് ഫിഷ്ബാക്ക് പ്രകടിപ്പിച്ചത്. “കഴിഞ്ഞ രാത്രി എൻ്റെ ഡോർഡാഷ് (ഭക്ഷണം വീട്ടുപടിക്കൽ എത്തിക്കുന്ന ആപ്പ്) ഭക്ഷണത്തിന് എന്ത് പറ്റി എന്ന് അന്വേഷിക്കാൻ പോലും ഞാൻ കാഷ് പട്ടേലിനെ വിശ്വസിക്കില്ല.” തുടർന്ന് കാണികളെ നോക്കി അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, “അദ്ദേഹത്തോട് നീതി കാണിക്കാൻ വേണ്ടി പറയുകയാണ്, അതൊരു ഇന്ത്യൻ ഭക്ഷണമായിരുന്നു.” കാഷ് പട്ടേലിന് ഒരു ചെറിയ കാര്യം പോലും അന്വേഷിക്കാനുള്ള കഴിവില്ലെന്ന് വരുത്തിത്തീർക്കുക എന്നതായിരുന്നു ഈ പരിഹാസത്തിലൂടെ അദ്ദേഹം ഉദ്ദേശിച്ചത്. കാഷ് പട്ടേൽ ഒരു ഇന്ത്യൻ വംശജനായത് കൊണ്ടാണ് ‘ഇന്ത്യൻ ഫുഡ്’ എന്ന് പ്രത്യേകം എടുത്തു പറഞ്ഞത് എന്ന് വിമർശകർ ചൂണ്ടിക്കാട്ടി. ഒരു ഇന്ത്യൻ വംശജന് ഇന്ത്യൻ ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലും അന്വേഷിക്കാൻ കഴിയില്ലേ എന്ന രീതിയിലുള്ള ഒരു പരിഹാസമാണ് ഇതിൽ അടങ്ങിയിരുന്നത്. പ്രസംഗത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കാഷ് പട്ടേലിനെതിരെ അടുത്തിടെ ‘ദി അറ്റ്‌ലാന്റിക്’ മാഗസിൻ പുറത്തുവിട്ട റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ വിമർശനം. കാഷ് പട്ടേൽ ജോലിസമയത്ത് മദ്യപിക്കാറുണ്ടെന്നും പല ഔദ്യോഗിക മീറ്റിംഗുകളിലും പങ്കെടുക്കാറില്ലെന്നും ആരോപിച്ച് ‘ദ അറ്റ്‌ലാന്റിക്’ മാഗസിൻ റിപ്പോർട്ട് നൽകിയിരുന്നു. ഗുരുതര ആരോപണങ്ങളാണ് മാഗസിൻ പട്ടേലിനെതിരെ ഉന്നയിച്ചത്. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച പട്ടേൽ, മാഗസിനെതിരെ 250 മില്യൺ ഡോളറിൻ്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആരാണ് ജെയിംസ് ഫിഷ്ബാക്ക്?

ഫ്ലോറിഡയിൽ നിന്നുള്ള ഹെഡ്ജ് ഫണ്ട് മാനേജരായ ഫിഷ്ബാക്ക് രാഷ്ട്രീയത്തിൽ ഒരു പുതുമുഖമാണ്. 29 വയസ്സുകാരനായ അദ്ദേഹം ‘അസോറിയ പാർട്‌ണേഴ്സ്’ എന്ന സ്ഥാപനത്തിൻ്റെ സിഇഒ ആണ്. മുൻപ് തിരഞ്ഞെടുക്കപ്പെട്ട പദവികളൊന്നും വഹിച്ചിട്ടില്ലാത്ത ഫിഷ്ബാക്ക്, റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള ഔട്ട്‌സൈഡർ എന്ന നിലയിലാണ് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

ഒരു കൊളംബിയൻ കുടിയേറ്റക്കാരിയുടെയും ബസ് ഡ്രൈവറായ അമേരിക്കക്കാരൻ്റെയും മകനാണ്. താൻ നാലാം തലമുറ ഫ്ലോറിഡക്കാരനാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കുടിയേറ്റത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന അദ്ദേഹം, എച്ച് 1 ബി വിസ നിർത്തലാക്കുമെന്നും വിദേശ തൊഴിലാളികളെ പുറത്താക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്വത്തു നികുതി നിർത്തലാക്കുമെന്നത് അദ്ദേഹത്തിന്റെ പ്രധാന പ്രചാരണ വാഗ്ദാനമാണ്. പലപ്പോഴും വംശീയവും രാഷ്ട്രീയവുമായ വിവാദ പരാമർശങ്ങളുടെ പേരിൽ അദ്ദേഹം വാർത്തകളിൽ നിറയാറുണ്ട്.

Florida Republican leader racially taunts Kash Patel

More Stories from this section

family-dental
witywide