ഫൊക്കാന യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ് 7-ന്; ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക വേദി

ശ്രീകുമാർ ഉണ്ണിത്താൻ

പെൻസിൽവാനിയ: ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ 2026-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ് 7-ന് കൽഹാരി റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും. ഓഗസ്റ്റ് 6 മുതൽ 9 വരെ നടക്കുന്ന കൺവെൻഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നായ യൂത്ത് ഫെസ്റ്റിവലിൽ .അമേരിക്കയിലെ വിവിധ മലയാളി സംഘടനകളിൽ നിന്നുള്ള കുട്ടികളും യുവജനങ്ങളും പങ്കെടുക്കും.

എലക്യൂഷൻ (പ്രസംഗം), ലൈറ്റ് മ്യൂസിക്, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നീ മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രസംഗ മത്സരം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും. മത്സരത്തിന്റെ വിഷയങ്ങൾ കൺവെൻഷന് രണ്ട് ആഴ്ച മുമ്പ് പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. 6 മുതൽ 11 വയസ്സ് വരെയും 12 മുതൽ 18 വയസ്സ് വരെയും പ്രായപരിധിയുള്ള രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ലൈറ്റ് മ്യൂസിക് മത്സരത്തിനും മൂന്ന് മിനിറ്റ് സമയപരിധിയാണുള്ളത്. ക്ലാസിക്കൽ നൃത്തത്തിന് നാല് മിനിറ്റും സിനിമാറ്റിക് ഡാൻസിന് മൂന്ന് മിനിറ്റുമാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ, ഭിന്നശേഷിക്കാരായ കുട്ടികൾക്കും യുവാക്കൾക്കും അവരുടെ കഴിവുകൾ അവതരിപ്പിക്കുന്നതിനായി പ്രത്യേക വേദി ഒരുക്കിയിട്ടുണ്ടെന്നും അഡിഷണൽ ജോയിന്റ് ട്രഷറും യൂത്ത് ഫെസ്റ്റിവലിന്റെ ചെയർപേഴ്സണും ആയ മില്ലി ഫിലിപ്പ്, കോഓർഡിനേറ്റർ സുഷമ പ്രവീൺ, കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന പ്രിയ ലൂയിസ്, ലിസ ബാബു, സന്തോഷ് എബ്രഹാം, സോണി അമ്പൂക്കൻ, സുബി ബാബു, ഉഷ ജോർജ്, സരൂപ അനിൽ, മേരിക്കുട്ടി മൈക്കിൾ, മേരി ഫിലിപ്പ് എന്നിവർ അറിയിച്ചു.

താഴെ കാണുന്ന ലിങ്കിൽ കൂടി രജിസ്റ്റർ ചെയ്യാവുന്നതാണ്. https://forms.gle/ZzUDPQAXHVyGrND66. മലയാളി യുവതലമുറയുടെ കലാ-സാഹിത്യ പ്രതിഭകൾക്ക് വേദിയൊരുക്കുന്ന ഈ യുവജനോത്സവം ഫൊക്കാന കൺവെൻഷന്റെ ശ്രദ്ധേയ പരിപാടികളിലൊന്നാകുമെന്ന കാര്യത്തിൽ സംശയമില്ലന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

Fokana Youth Festival on August 7; Special venue for differently abled children