കേരളപ്പിറവി ദിനത്തില്‍ ഫോമാ സതേണ്‍ റീജിയന്റെ പുതിയ ഭാരവാഹികള്‍ക്ക് പ്രൗഢഗംഭീര സ്വീകരണം

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: കേരളപ്പിറവി ദിനത്തില്‍ ഫോമാ സതേണ്‍ (ഒീൗേെീി) റീജിയന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് ആവേശകരവും പ്രൗഢഗംഭീരവുമായ സ്വീകരണം നല്‍കി. മിസോറി സിറ്റിയിലെ തനിമ റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച സമ്മേളനം ഫോമാ മുന്‍ പ്രസിഡണ്ട് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഫോമയുടെ വൈസ് പ്രസിഡന്റ് സാമുവല്‍ മത്തായി മുഖ്യാതിഥിയായിരുന്നു. സതേണ്‍ റീജിയന്റെ സംഘടനാ കരുത്തും ഐക്യവും വിളിച്ചോതിയ ചടങ്ങില്‍ ഫോമയുടെ സ്ഥാപക നേതാക്കളും മുന്‍ ഭാരവാഹികളും വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.

ഫോമാ സതേണ്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് മൈക്കല്‍ ജോയ് (മിക്കി), നാഷണല്‍ കമ്മിറ്റി അംഗങ്ങളായ തോമസ് ജോര്‍ജ് (സഞ്ജു), ക്രിസ്റ്റഫര്‍ ജോര്‍ജ് (ക്രിസ്) എന്നിവര്‍ക്കുള്ള ഔദ്യോഗിക സ്വീകരണവും ആദരിക്കലുമായിരുന്നു സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്ന നേതാക്കള്‍, ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവും ശക്തവുമാക്കുന്നതില്‍ സതേണ്‍ റീജിയന്റെ പങ്ക് എടുത്തുപറഞ്ഞു.

ഫോമയുടെ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായരുടെ സാന്നിധ്യം സമ്മേളനത്തിന് മികവ് നല്‍കി. ഫോമയുടെ രൂപീകരണകാലം മുതല്‍ സംഘടനയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ച നേതാക്കളെയും മുന്‍കാല പ്രവര്‍ത്തനങ്ങളെയും അനുസ്മരിച്ചുകൊണ്ട് അദ്ദേഹം സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും ട്രഷററുമായ ഷാജി എഡ്വേര്‍ഡ് സ്വാഗതപ്രസംഗം നടത്തി. സമ്മേളനത്തിന്റെ മുഖ്യ കോ-ഓര്‍ഡിനേറ്ററും മാസ്റ്റര്‍ ഓഫ് സെറിമണിയുമായിരുന്ന അദ്ദേഹം പരിപാടികള്‍ കൃത്യതയോടെയും മികവോടെയും ഏകോപിപ്പിച്ചു. ഫോമയുടെ മുന്‍ പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, മുന്‍ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ രാജന്‍ യോഹന്നാന്‍, ജിജു കുളങ്ങര എന്നിവര്‍ ചടങ്ങിന് നേതൃത്വം വഹിച്ചു.

ഫോമാ നേതാക്കളായ തോമസ് ഒലിയാംകുന്നേല്‍, ബാബു മുല്ലശ്ശേരില്‍ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ്മയുടെയും പരസ്പര സഹകരണത്തിന്റെയും പ്രാധാന്യം അവര്‍ ചൂണ്ടിക്കാട്ടി. ലീഗ് സിറ്റി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ബിനീഷ് ജോസഫ്, പസഡീന മലയാളി അസോസിയേഷന്‍ പ്രസിഡന്റ് റിച്ചാര്‍ഡ്സ്, നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു ഇട്ടന്‍, സൗത്ത് ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ബ്രൂസ് കൊളംബെല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ ജീമോന്‍ റാന്നി കേരളപിറവിദിന സന്ദേശം നല്‍കി. ഫോമയുടെ ദേശീയ കണ്‍വന്‍ഷന്‍ വിജയകരമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജിജു കുളങ്ങരയ്ക്ക് പ്രത്യേക അംഗീകാരം നല്‍കി. കണ്‍വന്‍ഷന്‍ കണ്‍വീനര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയാണ് ആദരിച്ചത്. ഫുഡ് കമ്മിറ്റി ചെയര്‍മാനായിരുന്ന എസ്.കെ. ചെറിയാനും പ്രത്യേക അംഗീകാരം ഏറ്റുവാങ്ങി. ഫോമാ മീഡിയ ചെയര്‍മാനും മാധ്യമപ്രവര്‍ത്തകനുമായ സൈമണ്‍ വാള ച്ചേരിലിനെയും ചടങ്ങില്‍ ആദരിച്ചു.

ഫോമാ ദേശീയ കണ്‍വെന്‍ഷന്‍ ചരിത്ര സംഭവമാക്കാന്‍ സഹായിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും ബേബി മണക്കുന്നേല്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. പ്രാദേശിക മലയാളി സംഘടനകളെയും ഫോമയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം സമ്മേളനത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. പരിപാടിയുടെ സ്പോണ്‍സര്‍മാരിലൊന്നായ പ്രോംപ്റ്റ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പ്രസാദിന് (ജോണ്‍ ഉമ്മന്‍) ഫോമയുടെ പ്രസിദ്ധീകരണമായ മാഗസിന്റെ കോപ്പി സമ്മാനിച്ചു.

ഫോമയുടെ പ്രവര്‍ത്തനങ്ങളിലെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച നേതാക്കളുടെയും സംഘടനാ ഭാരവാഹികളുടെയും സാന്നിധ്യം സമ്മേളനത്തെ ശ്രദ്ധേയമാക്കി. സതേണ്‍ റീജിയനിലെ അംഗസംഘടനകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ ഭാരവാഹികള്‍ക്ക് ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള വേദിയായി സ്വീകരണ സമ്മേളനം മാറി.

കേരളപ്പിറവി ദിനത്തില്‍ നടന്ന ഈ സംഗമം അമേരിക്കന്‍ മലയാളികളുടെ സംഘടനാ ഐക്യത്തിന്റെയും കേരളീയ സാംസ്‌കാരിക പൈതൃകത്തോടുള്ള പ്രതിബദ്ധതയുടെയും പ്രതീകമായി. പുതുതായി ചുമതലയേറ്റ ഭാരവാഹികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ആശംസകളും നേര്‍ന്നുകൊണ്ടാണ് സമ്മേളനം സമാപിച്ചത്.

FOMAA Southern Region Accorded Grand Reception to Newly Elected Office-Bearers on Kerala Piravi Day

More Stories from this section

family-dental
witywide