
ടെൽ അവീവ്: ഇസ്രായേൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഇറാനെതിരെ വൻ സൈനിക ആക്രമണം നടത്താൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മൊസാദ് മേധാവി റോമൻ ഗോഫ്മാനും പദ്ധതിയിട്ടിരുന്നതായി ഇസ്രായേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 27-ന് നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഈ നീക്കം. എന്നാൽ സുരക്ഷാ വിഭാഗത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെയും സൈനിക മേധാവികളുടെയും ശക്തമായ എതിർപ്പും മുന്നറിയിപ്പുകളും അവഗണിച്ചാണ് നെതന്യാഹുവും മൊസാദ് മേധാവിയും രഹസ്യ ആക്രമണ പദ്ധതിയുമായി മുന്നോട്ട് പോയത്.
സുരക്ഷാ ഏജന്റുമാരിൽ ഒരാൾക്ക് സംഭവിച്ച പിഴവ് മൂലം ഈ രഹസ്യനീക്കത്തെക്കുറിച്ച് വിവരമറിഞ്ഞ അമേരിക്കൻ ഭരണകൂടം ഉടൻ ഇടപെട്ട് ആക്രമണം തടയുകയായിരുന്നു. ഇസ്രായേലിലെ സൈനിക സെൻസർഷിപ്പുകളുടെ പരിമിതികൾക്കുള്ളിൽ നിന്നാണ് ഇക്കാര്യം പുറത്തുവിടുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻ പ്രധാനമന്ത്രിയും നെതന്യാഹുവിന്റെ കടുത്ത വിമർശകനുമായ എഹൂദ് ബാരകും ഒരു അഭിമുഖത്തിൽ ഈ വെളിപ്പെടുത്തൽ സ്ഥിരീകരിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് ഇറാനെതിരെ സൈനിക നടപടിക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകിയതിനെ തുടർന്ന് നെതന്യാഹുവും ഐ.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീറും തമ്മിൽ കടുത്ത തർക്കമുണ്ടായതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇറാൻ വിഷയം ഉപയോഗപ്പെടുത്താൻ നെതന്യാഹു ശ്രമിക്കുന്നുണ്ടോ എന്ന ആശങ്ക സൈനിക-സുരക്ഷാ മേധാവികൾക്കിടയിൽ ശക്തമായിരുന്നു. മുൻപ് ന്യൂയോർക്ക് ടൈംസും സമാനമായ വിവരങ്ങൾ പുറത്തുവിട്ടിരുന്നു.
അതേസമയം, ചാനൽ 12 പുറത്തുവിട്ട വാദങ്ങൾ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പൂർണ്ണമായി തള്ളി. തിരഞ്ഞെടുപ്പിന് മുൻപ് ഇറാനെതിരെ ആക്രമണം നടത്താൻ പദ്ധതിയുണ്ടായിരുന്നില്ലെന്നും അത്തരമൊരു നീക്കം അജണ്ടയിലേ ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
Netanyahu and Mossad Planned Military Strike on Iran Before Elections; US Intervened to Block Attack












