ഫുട്ബോൾ സ്റ്റേഡിയം ചോരക്കളമായി; ഫ്ലോറിഡ യൂണിവേഴ്സിറ്റിക്ക് സമീപം കൂട്ടവെടിവെയ്പ്പ്, ആറ് കുട്ടികളടക്കം 12 പേർക്ക് പരിക്ക്

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ എ&എം യൂണിവേഴ്സിറ്റിക്ക് സമീപമുണ്ടായ ദാരുണമായ വെടിവെയ്പ്പിൽ ആറ് കുട്ടികൾ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി യൂണിവേഴ്സിറ്റിയുടെ ഹോംകമിങ് ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ഫുട്ബോൾ മത്സരത്തിന് ശേഷമായിരുന്നു സംഭവം. പരിക്കേറ്റവരിൽ 11 പേർക്ക് വെടിയേറ്റിട്ടുണ്ടെന്ന് താലഹാസി പൊലീസ് അറിയിച്ചു.

ആളുകൾ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിന് സമീപം രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പരിക്കേറ്റവരിൽ ആറ് പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ അധികൃതർ വ്യക്തമാക്കി. അഞ്ച് പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ്ജ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വെടിവെയ്പ്പിന്റെ ചിത്രങ്ങളോ വീഡിയോകളോ കൈവശമുള്ളവർ അത് കൈമാറണമെന്നും, സംഭവത്തിന് ദൃക്സാക്ഷികളായവർ പൊലീസിനെ വിവരമറിയിക്കണമെന്നും താലഹാസി പൊലീസ് ചീഫ് ലോറൻസ് റെവൽ അഭ്യർത്ഥിച്ചു. ഇതിനായി പ്രത്യേക ടിപ്പ് ലൈനും ലിങ്കും പൊലീസ് സജ്ജീകരിച്ചിട്ടുണ്ട്.

ക്യാമ്പസിന് സമീപമാണ് സംഭവം നടന്നതെങ്കിലും സർവകലാശാലാ പരിസരം ഇപ്പോൾ പൂർണ്ണ സുരക്ഷിതമാണെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. വെടിവെയ്പ്പിൽ കടുത്ത അമർഷവും ദുഃഖവും രേഖപ്പെടുത്തുന്നതായി യൂണിവേഴ്സിറ്റി പ്രസിഡന്റ് മാർവ ജോൺസൺ പറഞ്ഞു. ഇത്തരം അർത്ഥശൂന്യമായ അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും, ഒരാളുടെ ജീവനേക്കാൾ വലുതല്ല ഒരു തർക്കവുമെന്നും എഫ്.എ.എം.യു ഹെഡ് കോച്ച് ക്വിൻ ഗ്രേ പ്രതികരിച്ചു.

Football stadium turns into a bloodbath; mass shooting near Florida University leaves 12 injured, including six children.

More Stories from this section

family-dental
witywide