വിനോദം വില്ലനായി; റൈഡിൽ കയറിയവർക്ക് ഗുരുതരമായ ബ്രെയിൻ ഇഞ്ചുറി; കാലിഫോർണിയയിലെ ‘X2’ റോളർകോസ്റ്ററിൻ്റെ പ്രവർത്തനം നിർത്തിവെച്ചു

കാലിഫോർണിയ: റൈഡിൽ പങ്കെടുത്ത നൂറുകണക്കിന് സന്ദർശകർക്ക് ഗുരുതരമായ മസ്തിഷ്കക്ഷതം സംഭവിച്ചെന്ന പരാതികളെത്തുടർന്ന്, കാലിഫോർണിയയിലെ പ്രശസ്തമായ സിക്സ് ഫ്ലാഗ്സ് മാജിക് മൗണ്ടൻ അമ്യൂസ്മെന്റ് പാർക്ക് തങ്ങളുടെ പ്രധാന ആകർഷണമായിരുന്ന ‘എക്സ്2’ റോളർകോസ്റ്റർ സ്ഥിരമായി നിർത്തലാക്കി. 360 ഡിഗ്രി കറങ്ങുന്ന സീറ്റുകളുള്ള ഈ റൈഡ്, സുരക്ഷാ ആശങ്കകളെത്തുടർന്ന് കഴിഞ്ഞ ജൂലൈ മുതൽ താൽക്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു.

റൈഡ് എല്ലാവിധ സുരക്ഷാ പരിശോധനകളും പാസ്സായതാണെങ്കിലും, സന്ദർശകരുടെ ആത്മവിശ്വാസവും സുരക്ഷിതത്വവും മുൻനിർത്തി ഇത് പൂർണ്ണമായി റദ്ദാക്കുന്നതാണ് ശരിയായ നടപടിയെന്ന് പാർക്ക് അധികൃതർ വ്യക്തമാക്കി.

അതേസമയം, റൈഡ് മൂലം പരിക്കേറ്റവർക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്ന ഡോർഡിക് ലോ കോർപ്പറേഷൻ ഈ തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും, ഇത് വളരെ വൈകിപ്പോയ ഒന്നാണെന്ന് പ്രതികരിച്ചു. വിനോദം പ്രതീക്ഷിച്ച് റൈഡിൽ കയറിയ പലർക്കും ഗുരുതരമായ പരിക്കുകളാണ് ഉണ്ടായതെന്നും, ചിലർക്ക് അടിയന്തിര ബ്രെയിൻ സർജറി വരെ വേണ്ടിവന്നതായും അവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

2002-ൽ ‘എക്സ്’ എന്ന പേരിൽ ആരംഭിച്ച ഈ റോളർകോസ്റ്റർ, രൂപകൽപ്പനയിലെ പിഴവുകൾ കാരണം മാസങ്ങൾക്കകം അടച്ചുപൂട്ടിയിരുന്നു. പിന്നീട് 2007-ൽ ഭാരം കുറഞ്ഞ പുതിയ ട്രെയിനുകൾ സ്ഥാപിച്ച്, 2008-ലാണ് ‘എക്സ്2’ എന്ന പേരിൽ ഇത് വീണ്ടും തുറന്നത്. അതിനുശേഷം 16 ദശലക്ഷത്തിലധികം ആളുകൾ ഈ റൈഡ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് പാർക്കിന്റെ കണക്ക്.

2022-ൽ ഈ റൈഡിൽ കയറിയതിനെ തുടർന്ന് മരണപ്പെട്ട 22-കാരനായ ക്രിസ്റ്റഫർ ഹാവ്‌ലിയുടെ കുടുംബത്തിന്റെ അഭിഭാഷകൻ ബ്രെന്റ് വിസ്നർ പാർക്കിന്റെ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചു. രണ്ട് പതിറ്റാണ്ടോളമായി അപകടകരമായ രീതിയിൽ പ്രവർത്തിക്കാൻ അനുവാദം നൽകിയ അധികൃതരുടെ വീഴ്ചയാണ് ഒരു യുവാവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു. ലാഭക്കൊതിയുള്ള കോർപ്പറേറ്റ് കമ്പനികൾ ആളുകൾക്ക് പരിക്കേറ്റതിന് ശേഷം മാത്രം നടപടിയെടുക്കുന്ന രീതി മാറണമെന്നും, ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൃത്യമായ സർക്കാർ മേൽനോട്ടവും ശക്തമായ നിയമപരിഷ്കാരങ്ങളും അടിയന്തിരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Riders suffer severe brain injuries; operation of California’s ‘X2’ roller coaster suspended.

More Stories from this section

family-dental
witywide