വിവാഹമോചന നടപടികൾക്കിടെ വിർജീനിയ മുൻ ഡെപ്യൂട്ടി ഗവർണർ ഭാര്യയെ വെടിവെച്ചുകൊന്ന് ആത്മഹത്യ ചെയ്തു, ദാരുണ സംഭവം മക്കൾ വീട്ടിലുള്ളപ്പോൾ

റിച്ചമണ്ട്: വിർജീനിയ മുൻ ലെഫ്റ്റനൻ്റ് ഗവർണർ ജസ്റ്റിൻ ഫെയർഫാക്സ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. അന്നൻഡേലിലെ വസതിയിൽ വെച്ച് ഭാര്യ ഡോ. സെറീന ഫെയർഫാക്സിനെ (49) വെടിവെച്ചുകൊന്ന ശേഷം ജസ്റ്റിൻ (47) സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് ഫെയർഫാക്സ് കൗണ്ടി പൊലീസ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. സംഭവസമയത്ത് ദമ്പതികളുടെ രണ്ട് കൗമാരക്കാരായ മക്കളും വീട്ടിലുണ്ടായിരുന്നു. വീട്ടിൽ വെടിവെപ്പ് നടന്ന വിവരം മകനാണ് പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

ഇരുവരും തമ്മിൽ വിവാഹമോചന നടപടികൾ നടന്നു വരികയായിരുന്നു. കോടതി ഉത്തരവ് പ്രകാരം ജസ്റ്റിൻ വീട്ടിൽ നിന്ന് മാറിതാമസിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് കൊലപാതകം നടന്നത്. ജസ്റ്റിൻ ഫെയർഫാക്സ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും മദ്യപാന ശീലം ഇയാളെ അക്രമാസക്തനാക്കിയിരുന്നതായും കോടതി രേഖകൾ വ്യക്തമാക്കുന്നു.

2018 മുതൽ 2022 വരെ വിർജീനിയയുടെ ലെഫ്റ്റനൻ്റ് ഗവർണറായിരുന്നു ജസ്റ്റിൻ . ഡെമോക്രാറ്റിക് പാർട്ടിയിലെ ശ്രദ്ധേയനായ നേതാവായിരുന്ന അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം മുൻപുണ്ടായ ചില വിവാദങ്ങളെത്തുടർന്ന് പ്രതിസന്ധിയിലായിരുന്നു. വിർജീനിയയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Former Virginia deputy governor shoots wife, commits suicide during divorce proceedings

More Stories from this section

family-dental
witywide