വിമർശനം ശക്തം; 9/11 അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുമെന്ന് ന്യൂയോർക്ക് മേയർ മംദാനി

ന്യൂയോർക്ക്: ശക്തമായ വിമർശനങ്ങൾക്കിടയിലും ന്യൂയോർക്ക് നഗരത്തിലെ വാർഷിക 9/11 അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുമെന്ന് മേയർ സോഹ്റാൻ മംദാനി. വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ പങ്കെടുക്കരുതെന്ന് 9/11 ഇരകളുടെ ചില കുടുംബാംഗങ്ങളും പ്രമുഖ റിപ്പബ്ലിക്കൻ നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

മംദാനി നഗരത്തിന്റെ ചീഫ് ലീഗൽ കൗൺസലായി റംസി കാസെമിനെ നിയമിച്ചതാണ് വിവാദത്തിന് കാരണം. അൽഖ്വയ്ദ അംഗമായി ശിക്ഷിക്കപ്പെട്ട ഒരാളുടെ അഭിഭാഷകനായി കാസെം മുമ്പ് പ്രവർത്തിച്ചിരുന്നതാണ് വിമർശനത്തിന് ഇടയാക്കിയത്. 2001 സെപ്റ്റംബർ 11ന് പെന്റഗണിൽ ഇടിച്ചുകയറ്റിയ വിമാനത്തിന്റെ ഹൈജാക്കർമാരിൽ ഒരാളുടെ ഭാര്യാസഹോദരനായിരുന്നു ആ അൽഖ്വയ്ദ അംഗം.

9/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ മേയർ ചടങ്ങിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ഹർജിയിൽ ഇതിനകം ഒരു ലക്ഷത്തോളം ഒപ്പുകൾ ലഭിച്ചതായി പ്രചാരണത്തിന് നേതൃത്വം നൽകുന്നവർ പറഞ്ഞു. മുൻ ന്യൂയോർക്ക് ഗവർണർ ജോർജ് പറ്റാക്കിയും മംദാനി ചടങ്ങിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ ആദരിക്കാനുള്ള തന്റെ പ്രതിബദ്ധതയിൽ മാറ്റമില്ലെന്ന് മംദാനി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച സെപ്റ്റംബർ 11 ‘നഗരവ്യാപക അനുസ്മരണ-സേവന ദിനമായി’ ആചരിക്കുന്നതിനുള്ള ഉത്തരവ് ഉൾപ്പെടെ രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകളിൽ അദ്ദേഹം ഒപ്പുവച്ചു.

നഗരത്തിലെ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള സംവിധാനങ്ങൾ ആധുനികവത്കരിക്കാനുള്ള നടപടിയും മറ്റൊരു ഉത്തരവിലുണ്ട്. ഉത്തരവുകളിൽ ഒപ്പുവയ്ക്കുന്ന ചടങ്ങിൽ കാസെമും പങ്കെടുത്തത് വിമർശനം കൂടുതൽ ശക്തമാക്കി.ന്യൂയോർക്ക് നഗരത്തിന്റെ ഔദ്യോഗിക 9/11 അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്ന ആദ്യ മുസ്‌ലിം മേയറായിരിക്കും മംദാനി. അദ്ദേഹത്തിന് മുമ്പുണ്ടായിരുന്ന മിക്ക ന്യൂയോർക്ക് മേയർമാരും ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്.

മുൻ മേയർ റൂഡി ജൂലിയാനി ന്യൂസ്മാക്സിന് നൽകിയ അഭിമുഖത്തിൽ മംദാനി ചടങ്ങിൽ പങ്കെടുക്കുന്നത് തനിക്ക് അസ്വസ്ഥതയുണ്ടാക്കുമെന്ന് പറഞ്ഞതോടെയാണ് കഴിഞ്ഞ വാരാന്ത്യത്തിൽ വിവാദം കൂടുതൽ ശക്തമായത്. 9/11 ആക്രമണം ഭീകരപ്രവർത്തനമായിരുന്നുവെന്ന് മംദാനി വിശ്വസിക്കുന്നില്ലെന്നതടക്കമുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളും ജൂലിയാനി ഉന്നയിച്ചു.

തിങ്കളാഴ്ച നടന്ന ന്യൂയോർക്ക് കാർണിവൽ പരേഡിന് മുന്നോടിയായി സംസാരിക്കവെയാണ് വെള്ളിയാഴ്ചത്തെ 9/11 അനുസ്മരണ ചടങ്ങിൽ താൻ പങ്കെടുക്കുമെന്ന് മംദാനി വ്യക്തമാക്കിയത്. “ഈ നഗരത്തിന്റെ മേയറായതിൽ ഞാൻ അഭിമാനിക്കുന്നു. എനിക്ക് ഈ നഗരത്തെയും രാജ്യത്തെയും ഏറെ ഇഷ്ടമാണ്. 25 വർഷം മുമ്പ് സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെയാണ് ഈ ആഴ്ച പ്രധാനമായും ഓർക്കേണ്ടത്. നഗരത്തിനും ജനങ്ങൾക്കുമായി എല്ലാം സമർപ്പിച്ച ആദ്യ പ്രതികരണ പ്രവർത്തകരെയും സഹന്യൂയോർക്കുകാരെ സഹായിക്കാൻ ഒത്തുചേർന്നവരെയും ഓർക്കണം,” മംദാനി പറഞ്ഞു.ജൂലിയാനിയുടെ പരാമർശങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഇതിൽ കൂടുതലായി പറയാനില്ല എന്നായിരുന്നു മംദാനിയുടെ പ്രതികരണം.

വെള്ളിയാഴ്ചത്തെ ചടങ്ങിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഈ ആഴ്ച അവസാനത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേൾഡ് ട്രേഡ് സെന്റർ പരിസരത്ത് സുരക്ഷാ വേലികളും പരിശോധനാ കേന്ദ്രങ്ങളും സ്ഥാപിക്കും. അതേസമയം, ചടങ്ങിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ചടങ്ങിൽ പങ്കെടുക്കില്ല.

Mayor Mamdani says he’ll attend 9/11 ceremony despite growing criticism

More Stories from this section

family-dental
witywide