25 വർഷം പിന്നിട്ടിട്ടും 9/11 ആക്രമണം തീവ്രവാദികൾക്ക് പ്രചോദനം; അമേരിക്കയിൽ ഭീഷണി തുടരുന്നെന്ന് എഫ്ബിഐ

വാഷിങ്ടൺ: 9/11 ഭീകരാക്രമണം നടന്ന് 25 വർഷം പിന്നിട്ടിട്ടും അൽഖ്വയ്ദയും ഐഎസും ഉൾപ്പെടെയുള്ള വിദേശ ഭീകരസംഘടനകൾ അമേരിക്കയ്ക്കുള്ളിൽ ആക്രമണങ്ങൾക്ക് പ്രചോദനം നൽകുന്നത് തുടരുകയാണെന്ന് എഫ്ബിഐ. ഓൺലൈനിലൂടെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നവരെ കണ്ടെത്തുക കൂടുതൽ ബുദ്ധിമുട്ടായിരിക്കുകയാണെന്നും എഫ്ബിഐ കോ-ഡെപ്യൂട്ടി ഡയറക്ടർ ക്രിസ് റയ പറഞ്ഞു.

സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഉപയോഗിച്ച് വീടുകളിൽ ഇരുന്നുതന്നെ ആളുകളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുന്ന രീതിയാണ് ഭീകരസംഘടനകൾ കൂടുതലായി സ്വീകരിക്കുന്നതെന്ന് റയ വ്യക്തമാക്കി. ഇത്തരം ‘ലോൺ വുൾഫ്’ ആക്രമികളെ കണ്ടെത്തുന്നതാണ് നിലവിൽ പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. 2001ലെ 9/11 പോലെയുള്ള വലിയ തോതിലുള്ള ആസൂത്രിത ആക്രമണം തടയാൻ എഫ്ബിഐ ഇപ്പോൾ കൂടുതൽ ശക്തമായ നിലയിലാണെങ്കിലും ഭീകരസംഘടനകൾ പുതിയ രീതികളിലേക്ക് വേഗത്തിൽ മാറുകയാണെന്ന് റയ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ അൽഖ്വയ്ദയ്ക്കും ഐഎസിനും വേണ്ടി അമേരിക്കക്കാരെ കൊല്ലാൻ ഗൂഢാലോചന നടത്തിയതായോ ഇത്തരം പദ്ധതികളെ പിന്തുണച്ചതായോ ആരോപിച്ച് 16 പേരെയെങ്കിലും എഫ്ബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓൺലൈനിലൂടെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ 9/11 ആക്രമണം ഇപ്പോഴും ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും റയ പറഞ്ഞു. ഭീകരസംഘടനകളുടെ മാധ്യമങ്ങളും ആശയവിനിമയങ്ങളും പരിശോധിക്കുമ്പോഴെല്ലാം 9/11നെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് ആഴ്ച മുമ്പ് ന്യൂയോർക്കിലെ ആൽബനി സ്വദേശിയായ 35കാരി ജെസിക്ക ബോവിയെ സംസ്ഥാന ക്യാപിറ്റോളിൽ ബോംബാക്രമണം നടത്താൻ പദ്ധതിയിട്ടെന്നാരോപിച്ച് എഫ്ബിഐ അറസ്റ്റ് ചെയ്തിരുന്നു. 9/11 ആക്രമണത്തെ അനുകൂലിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ അവർ സോഷ്യൽ മീഡിയയിൽ നടത്തിയിരുന്നതായും അന്വേഷണ രേഖകളിൽ പറയുന്നു.

അതേസമയം, കുടിയേറ്റവുമായി ബന്ധപ്പെട്ട നടപടികളിലും ട്രംപ് ഭരണകൂടത്തിന്റെ മറ്റ് മുൻഗണനകളിലും എഫ്ബിഐയുടെ ശ്രദ്ധ തിരിഞ്ഞുവെന്ന വിമർശനം റയ തള്ളി. ഭീകരവിരുദ്ധ പ്രവർത്തനം എഫ്ബിഐയുടെ പ്രധാന മുൻഗണനകളിലൊന്നാണെന്നും അതിനാവശ്യമായ വിഭവങ്ങൾ ഏജൻസിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡ്രോണുകൾ ഭാവിയിലെ പ്രധാന ഭീഷണികളിലൊന്നാകാമെന്നും അവ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ അമേരിക്കയിലും ഉണ്ടാകാതിരിക്കാൻ എഫ്ബിഐ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും റയ വ്യക്തമാക്കി.

ഭീകരവാദ ഭീഷണി നേരിടുന്നതിൽ പൊതുജനങ്ങളുടെ ജാഗ്രതയും നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. “സംശയകരമായ എന്തെങ്കിലും കണ്ടാൽ അധികൃതരെ അറിയിക്കുക” എന്ന ‘See Something, Say Something’ സന്ദേശത്തിന് 2001ലേതിനേക്കാൾ പ്രാധാന്യം 2026ലുണ്ടെന്നും റയ കൂട്ടിച്ചേർത്തു.

Top FBI official warns 9/11 is still inspiring terrorists inside America 25 years later

More Stories from this section

family-dental
witywide