
കോട്ടയം ക്നാനായ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. തോമസ് ആനിമൂട്ടിൽ അധികാരം ഏൽക്കുമ്പോൾ അമേരിക്കയിലെ ക്നാനായ വിശ്വാസികൾക്കും ആഹ്ളാദ നേരം.
ഫാ. തോമസ് ആനിമൂട്ടിലിന് യുഎസുമായ് ദീർഘകാലത്തെ അജപാലന ബന്ധമുണ്ട്. തന്റെ വൈദിക ജീവിതത്തിനിടയിൽ അമേരിക്കയിൽ ഗണ്യമായ കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2003 മുതൽ 2008 വരെയുള്ള കാലയളവിൽ അദ്ദേഹം അമേരിക്കയിൽ സീറോ മലബാർ സഭയുടെ ചിക്കാഗോ സെന്റ് തോമസ് രൂപതയ്ക്ക് കീഴിൽ വൈദികനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ലോസ് ആഞ്ചലസ് , ന്യൂയോർക്ക് , ന്യൂജേഴ്‌സി തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ ക്നാനായ കാത്തലിക് മിഷനുകളുടെ ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2003-ൽ ലോസ് ആഞ്ചലസിലെ സെന്റ് പോപ്പ് പയസ് ടെൻത് (St. Pope Pius X) മിഷൻ ഡയറക്ടറായി ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് അദ്ദേഹത്തെ നിയമിച്ചിരുന്നു. ഫാ. ബേബി കട്ടിയാങ്കൽ ആയിരുന്നു മിഷന്റെ ചുമതല വഹിച്ചത്. ഫാ. തോമസ് മുളവനാൽ ഡയറക്ടറായി നിയമിക്കപ്പെടുന്നതുവരെ ഫാ. തോമസ് ആനിമൂട്ടിൽ മിഷനിൽ സേവനമനുഷ്ഠിച്ചു.

2005 ജനുവരി 15 മുതൽ 2008 വരെ ഫാ. തോമസ് ആനിമൂട്ടിൽ ന്യൂയോർക്ക് സെന്റ് സ്റ്റീഫൻസ് ക്നാനായ കാത്തലിക് മിഷന്റെ ഡയറക്ടറായിരുന്നു. 2005 ജനുവരി 15 മുതൽ 2008 വരെ ന്യൂജേഴ്‌സിയിലെ ക്നാനായ കാത്തലിക് മിഷന്റെയും ഡയറക്ടറായിരുന്നു.
അമേരിക്കയിലെ ക്നാനായ കാത്തലിക് കോൺഗ്രസിൻ്റെ സ്പിരിച്വൽ ഡയറക്ടറായും അദ്ദേഹം ശുശ്രൂഷ ചെയ്തിട്ടുണ്ട്.
അമേരിക്കയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ലോസ് ആഞ്ചലസിൽ (UCLA) നിന്ന് അദ്ദേഹം ‘ക്ലിനിക്കൽ പാസ്റ്ററൽ എഡ്യൂക്കേഷൻ’ വിജയകരമായി പൂർത്തിയാക്കി. ഹോസ്പിറ്റൽ മിനിസ്ട്രി, കൗൺസിലിംഗ് തുടങ്ങിയ മേഖലകളിൽ ഈ വിദ്യാഭ്യാസം അദ്ദേഹത്തിന് വലിയ അടിത്തറ നൽകി, കോട്ടയം കാരിത്താസ് ആശുപത്രിയുടെ ഡയറക്ടറായി 11 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിദേശത്തുള്ള മലയാളി യുവജനങ്ങളുമായും പ്രവാസികളുമായും തനിക്കുള്ള അടുത്ത ബന്ധം അദ്ദേഹം പല അവസരങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. മക്കൾ അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലായതിനാൽ നാട്ടിൽ ഒറ്റപ്പെട്ടുപോയ വയോധികരായ മാതാപിതാക്കളുടെ സുരക്ഷയ്ക്കും ആശ്വാസത്തിനും തന്റെ ശുശ്രൂഷയിൽ പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്













