ഇസ്രായേൽ – യുഎസ് ബന്ധം ‘പരാന്നഭോജിയെ’ പോലെ, അമേരിക്കൻ ജനങ്ങളുടെ നികുതിപ്പണം ഇസ്രയേലിന്‍റെ മിസൈലിന്; ചൂണ്ടിക്കാട്ടി ഇറാനിയൻ വിദേശകാര്യ മന്ത്രി

ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയും തമ്മിലുള്ള ബന്ധം പരസ്പര സഹകരണത്തിന്റേതല്ലെന്നും മറിച്ച് അമേരിക്കയെ ചൂഷണം ചെയ്യുന്ന ഒരു ‘പാരാസിറ്റിക്’ (പരാന്നഭോജി പോലുള്ള) ബന്ധമാണെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇസ്രായേലിന്‍റെ മിസൈൽ പ്രതിരോധത്തിനായി അമേരിക്കൻ ജനങ്ങളുടെ നികുതിപ്പണം കോടിക്കണക്കിന് ഡോളറാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഇസ്രായേലിന്റെ മിസൈൽ പ്രതിരോധത്തിനായി അമേരിക്കൻ നികുതിപ്പണത്തിൽ നിന്ന് 11 ബില്യൺ ഡോളറിലധികം ചെലവഴിച്ചതായി അബ്ബാസ് അരാഗ്ചി എക്സിൽ കുറിച്ചു. പെന്റഗൺ ബജറ്റ് രേഖകളും മാധ്യമ റിപ്പോർട്ടുകളും ഓപ്പൺ സോഴ്സ് വിവരങ്ങളും അടിസ്ഥാനമാക്കി സ്വതന്ത്ര പോളിസി അനലിസ്റ്റ് സ്റ്റീഫൻ സെംലർ നടത്തിയ കണക്കുകളെ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഈ കണക്കുകൾ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.

തങ്ങളുടെ സുരക്ഷയ്ക്കായി ഇസ്രായേൽ തൊടുത്തുവിട്ടതിനേക്കാൾ കൂടുതൽ ഇന്റർസെപ്റ്റർ മിസൈലുകൾ അവരെ സംരക്ഷിക്കാൻ അമേരിക്ക ഉപയോഗിച്ചിട്ടുണ്ടെന്നും അരാഗ്ചി അവകാശപ്പെട്ടു. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ഡാറ്റയും ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് മുൻപ് പുറത്തുവന്ന റിപ്പോർട്ടുകളും ഈ വാദത്തെ ശരിവെക്കുന്നതാണ്. ഇത് പരസ്പര സഹകരണമുള്ള ഒരു ബന്ധമല്ലെന്നും മറിച്ച് പൂർണ്ണമായും ചൂഷണം ചെയ്യുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനന്തമായ യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനും തൊഴിലാളിവർഗ അമേരിക്കക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന തിങ്ക് ടാങ്കായ സെക്യൂരിറ്റി പോളിസി റിഫോം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനാണ് സ്റ്റീഫൻ സെംലർ.

Also Read

More Stories from this section

family-dental
witywide